ഡൽഹി: ‘ലവ് ജിഹാദ്’ ഇരകളെന്ന് അവകാശപ്പെട്ട് 37 സ്ത്രീകളെ പങ്കെടുപ്പിച്ച് കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടി സംഘടിപ്പിച്ചതിനെതിരെ ഉയരുന്നത് വൻവിവാദം. കേരളത്തിൽ നിർബന്ധിത മതപരിവർത്തനം വ്യാപകമാണെന്നതാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ മുന്നോട്ടുവയ്ക്കുന്ന ആരോപണം. എന്നാൽ പരിപാടിയിൽ പങ്കെടുത്തവരിൽ മലയാളികൾ ഉണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. വേദിയിൽ എത്തിയവരിൽ ഭൂരിഭാഗവും ഉത്തരേന്ത്യക്കാരായിരുന്നു.
ഇതോടെ സിനിമയ്ക്ക് ‘കേരള സ്റ്റോറി’ എന്ന പേര് നൽകിയതെന്തിനെന്ന ചോദ്യവും മാധ്യമങ്ങളിൽ നിന്നുയർന്നു. ചിത്രത്തിന്റെ സംവിധായകൻ കാമാഖ്യ നാരായൺ സിംഗ്, നിർമാതാവ് വിപുൽ അമൃത്ലാൽ ഷാ, നടിമാരായ അതിദി ഭാട്ടിയ, ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. ആദ്യം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വിസമ്മതിച്ച ഇവർ പിന്നീട് പ്രതികരിച്ചു.
സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയമാണെന്നതിനാലാണ് ചിത്രത്തിന് ‘കേരള സ്റ്റോറി’ എന്ന പേര് നൽകിയതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ‘ലവ് ജിഹാദ്’ കേരളത്തിൽ ആരംഭിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചുവെന്നാണ് സംവിധായകൻ പറഞ്ഞത്. കേരളത്തിൽ നിന്നുള്ള ‘ഇരകളുടെ’ വീഡിയോ യൂട്യൂബിൽ ലഭ്യമാണെന്നായിരുന്നു നിർമാതാവിന്റെ മറുപടി.
കേരളത്തിൽ ‘ലവ് ജിഹാദ്’ ഇല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോർട്ടിൽ അറിയിച്ചിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അന്നത്തെ കേരള മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ പ്രസ്താവനകളെ ചൂണ്ടിക്കാട്ടിയാണ് അണിയറ പ്രവർത്തകർ മറുപടി നൽകിയത്. കൂടുതൽ ചോദ്യങ്ങൾ ഉയർന്നതോടെ അണിയറപ്രവർത്തകർ വാർത്താസമ്മേളന വേദി വിട്ടു. വേദിയിലെത്തിച്ച സ്ത്രീകളെ മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 27-നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ, ചിത്രത്തിന് ലഭിച്ച ‘യു.എ’ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഹൈകോർട്ടിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ സെൻസർ ബോർഡിനും നിർമാതാക്കളായ സൺഷൈൻ പിച്ചേഴ്‌സിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
