തെന്നിന്ത്യൻ സിനിമയുടെ ലേഡീ സൂപ്പർസ്റ്റാറിന് നിരവധി ആരാധകരാണ് ഉള്ളത്. സിനിമയിലെ തുടക്ക കാലങ്ങളിൽ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങുകളെക്കുറിച്ച് പറയുകയാണ് താരം. നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്‌ൽ ഡോക്യുമെന്ററിയിലാണ് നടിയുടെ പ്രതികരണം.
അഭിനയത്തിന്റെ പോരായ്മകൾ പറയുന്നത് പോലെ അല്ല, ഒരാളെ കുറിച്ച് ബോഡി ഷെയിമിങ് നടത്തുന്നതെന്നും സിനിമയിൽ സംവിധായകർ ആവശ്യപ്പെടുന്നത് മാത്രമാണ് ചെയ്യുന്നതെന്നും അവരുടെ നിർദേശപ്രകാരമാണ് വസ്ത്രങ്ങൾ ധരിക്കുന്നതെന്നും നയൻതാര പറഞ്ഞു.
‘ഞാൻ ഏറ്റവും തകർന്നു പോയത് ഗജിനിയുടെ സമയത്താണ്. അന്ന് ഞാൻ എന്നെ പറ്റിയുള്ള ധാരാളം കമന്റുകൾ കാണാറുണ്ടായിരുന്നു. ‘ഇവൾ എന്തിനാണ് അഭിനയിക്കുന്നത്? ഇവൾ എന്തിനാണ് സിനിമയിൽ തുടരുന്നത്? അവൾ ഒരുപാട് വണ്ണം വെച്ചു’ എന്നൊക്കെയുള്ള കമന്റുകൾ വരുമായിരുന്നു. ഒരാളെ കുറിച്ച് അങ്ങനെയുള്ള കാര്യങ്ങളൊന്നും പറയാൻ പാടില്ല. പെർഫോമൻസിനെ കുറിച്ച് പറയുന്നതിൽ യാതൊരു കുഴപ്പവുമില്ല. ചിലപ്പോൾ എന്റെ അഭിനയം മോശമായിരിക്കാം. പക്ഷേ, എന്റെ ഡയറക്ടർ ആവശ്യപ്പെട്ടത് മാത്രമാണ് ഞാൻ ഓരോ സിനിമയിലും ചെയ്തത്. അദ്ദേഹം ആവശ്യപ്പെട്ട വസ്ത്രമാണ് ഞാൻ ആ സിനിമയിൽ ധരിച്ചത്.'
'ഞാൻ ഒരു പുതുമുഖമല്ലേ? എനിക്ക് അപ്പോൾ തിരിച്ച് ഒന്നും പറയാൻ പറ്റില്ലല്ലോ. ഗജിനിയുടെ സമയത്താണ് എനിക്ക് നേരെ ബോഡി ഷെയിമിങ്ങുകൾ ഉണ്ടാകുന്നത്. ഞാൻ എപ്പോഴും തനിച്ചായിരുന്നു.
നമ്മൾ ഒരു വിഷമഘട്ടത്തിലൂടെ പോകുമ്പോൾ ആരും കൂടെ ഉണ്ടാകുമെന്ന ഉറപ്പില്ല. എനിക്ക് ആരും ഉണ്ടായിട്ടില്ല. ഒരാൾ പോലും എന്റെ അടുത്ത് വന്നിട്ട് പോട്ടെ സാരമില്ലെന്ന് പറഞ്ഞിട്ടില്ല. പക്ഷേ, നാളുകൾ കഴിയുമ്പോഴും ഞാൻ സ്‌ട്രോങ്ങായി മാറിക്കൊണ്ടേയിരുന്നു. കാരണം അത് മാത്രമായിരുന്നു എന്റെ മുന്നിൽ ഉണ്ടായിരുന്ന ഓപ്ഷൻ. എനിക്ക് വേറെ വഴി ഇല്ലായിരുന്നു,’ നയൻതാര പറഞ്ഞു.
അതേസമയം നയൻതാരയുടെ ഡോക്യുമെന്ററി വൈകാനുള്ള കാരണം നടൻ ധനുഷാണെന്ന് അടുത്തിടെ നടി തന്നെ തുറന്നു പറഞ്ഞിരുന്നു. ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ദൃശ്യങ്ങളെച്ചൊല്ലി ധനുഷും നയൻതാരയും തമ്മിൽ പോരടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്