ഭക്തി ഗാനങ്ങളിലൂടെ പ്രശസ്തനായ ഗായകനാണ് കെ.ജി മാര്‍ക്കോസ്. പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തോളം മാപ്പിളപ്പാട്ടുകളും ഇതിനകം ആലപിച്ച മാർക്കോസ്, 1979-80 കാലഘട്ടത്തിലാണ് ഗാനാലാപനരംഗത്തേക്ക് പ്രവേശിക്കുന്നത്. "ഇസ്രേയേലിൻ നാഥനായി വാഴുമേക ദൈവം" എന്നു തുടങ്ങുന്ന മാർക്കോസിന്റെ ക്രൈസ്തവ ഭക്തിഗാനം പ്രസിദ്ധമാണ്. നൂറോളം ചലച്ചിത്രങ്ങളിലും അദ്ദേഹം പിന്നണിപാടി.
"കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കേ"ആദ്യ സിനിമാ ഗാനം
1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ "കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കേ" എന്ന ഹിറ്റുഗാനത്തിലൂടെയാണ് സിനിമയിലേക്കുള്ള പ്രവേശം. നിറകൂട്ട് എന്ന സിനിമയിലെ പൂമാനമേ എന്നു തുടങ്ങുന്ന ജനപ്രിയ ഗാനവും മാർക്കോസിന്റെ ശബ്ദത്തിലുള്ളതാണ്.
പിന്നീട് നിരവധി സിനിമയിൽ പാടി. ഗോഡ്ഫാദർ എന്ന ചിത്രത്തിലെ മന്ത്രികൊച്ചമ്മ വരുന്നുണ്ടേ, നാടോടിയിലെ താലോലം പൂപൈതലേ കടലോരക്കാറ്റിലെ കടലേഴും താണ്ടുന്ന കാറ്റേ, കാബൂളിവാലയിൽ പുത്തൻപുതുകാലം തുടങ്ങിയ ഗാനങ്ങൾ മലയാള ചലച്ചിത്രമേഖലയിൽ ശ്രദ്ധേയമായവയാണ്. നിരവധി ഭക്തിഗാന കാസറ്റുകൾ ഇറക്കിയിട്ടുണ്ട് മാർക്കോസ്. സ്വദേശത്തും വിദേശത്തുമായി ഒട്ടുവളരെ സ്റ്റേജ് പരിപാടികളും അദ്ദേഹമവതരിപ്പിച്ചു.
45 വർഷത്തെ പാട്ട് ജീവിതം
കെ.ജി മാര്‍ക്കോസ് എന്ന ഗായകന്റെ പാട്ട് ജീവിതത്തിന് 45 വര്‍ഷം പിന്നിട്ടിരിക്കുന്നു. പതിനഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടുമൊരു സിനിമക്ക് പിന്നണി പാടിയിരിക്കുകയാണ് ദേവഗായകന്‍. നസ്‍ലനും മമിത ബൈജുവും നായികാനായകന്‍മാരായി ഇപ്പോള്‍ തിയറ്ററുകളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന 'പ്രേമലു' എന്ന ചിത്രത്തിലെ 'തെലങ്കാന ബൊമ്മലു' എന്ന അടിച്ചുപൊളി പാട്ട് പാടിയിരിക്കുന്നത് ഈ 65കാരനാണ്.
ചാൻസ് ചോദിച്ചിട്ടില്ല, കിട്ടുന്നത് പാടും
പിന്നണിഗാനരംഗത്തേക്ക് പ്രവേശിച്ച 81 കാലഘട്ടം മുതല്‍ ഞാന്‍ സിനിമക്ക് വേണ്ടി അങ്ങനെ ശ്രമിക്കാറില്ലെന്നാണ് കെ ജി മാർക്കോസ് പറയുന്നത്. കിട്ടുന്നത് പാടും എന്നേ ഉണ്ടായിരുന്നുള്ളൂ. യാദൃച്ഛികമായി 2005 വരെയുള്ള കാലഘട്ടത്തിലാണ് കൂടുതലായും സിനിമയില്‍ പാടിയിരുന്നത്. അതുകഴിഞ്ഞ് പത്തു പതിനഞ്ച് വര്‍ഷമായി സിനിമയില്‍ അത്ര സജീവമല്ല. അപ്പോഴാണ് ഇങ്ങിനെയൊരു വിളി വരുന്നത്. ഞാനാദ്യമേ ഒന്നതിശയിച്ചുവെന്നും അദ്ദേഹം പറയുന്നു.
ഇന്നത്തെ ജനറേഷന് എന്‍റെ പോലുള്ള ശബ്ദം അത്ര ഇഷ്ടപ്പെടുന്ന ഒരു രീതിയല്ലെന്ന് മാർക്കോസ് പറയുന്നത്. അത്ര ഡെപ്തുള്ള ശബ്ദം വേണ്ട. സിനിമയ്ക്ക് വേണ്ടി പാടിക്കാമെന്നൊക്കെ പറഞ്ഞ് ചിലര്‍ വരാറുണ്ട്. അതുപോലെയാണ് ഇതും എന്നേ കരുതിയുള്ളൂ. ഞാനൊക്കെ പാടിത്തുടങ്ങിയ കാലത്ത് ഉണ്ടായിരുന്ന കെ.ഡി വിന്‍സെന്‍റ്. മ്യുസിഷനാണ് അദ്ദേഹം. വിന്‍സെന്‍റ് വിളിച്ചപ്പോഴാണ് എനിക്ക് വിശ്വസനീയമായി തോന്നിയതെന്നും ഈ അനുഗ്രഹീത ഗായകൻ പറയുന്നു.
സ്റ്റീഫന്‍ ദേവസിയുടെ സ്റ്റുഡിയോയില്‍ വച്ചാണ് പാട്ട് പാടിയത്. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വന്നോ എന്ന് പാട്ട് പാടിയതിനു ശേഷവും ഞാന്‍ ചോദിച്ചു. നന്നായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞെങ്കിലും എനിക്കങ്ങോട്ട് തൃപ്തിയുണ്ടായിരുന്നില്ല. പാട്ട് പുറത്തുവന്നപ്പോള്‍ ജനം അത് ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. മാര്‍ക്കോസ് സാറിനെ തിരിച്ചുകൊണ്ടുവന്നതില്‍ നന്ദിയുണ്ടെന്ന തരത്തിലുള്ള കമന്‍റ്സുകള്‍ കാണുമ്പോള്‍ ഒരുപാട് സന്തോഷമെന്നും മാർക്കോസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്