സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഹൃദയപൂർവം' എന്ന ചിത്രത്തെ വിമർശിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ. ഇത്ര സീനിയറായ ഒരു സംവിധായകൻ വളരെ അലക്ഷ്യമായിട്ടാണ് വിഷയം കൈകാര്യം ചെയ്തതെന്നും, അവയവം മാറ്റിവെച്ച വ്യക്തി എടുക്കേണ്ട കരുതലുകൾ ഒന്നും തന്നെ ചിത്രത്തിൽ പ്രതിപാദിക്കുന്നില്ലെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ ചൂണ്ടികാണിച്ചു.
ഹാരിസ് ചിറയ്ക്കലിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
"ഹൃദയപൂർവം എന്ന സിനിമ കണ്ടു. ഒരു കാര്യവും നന്നായി പഠിക്കുകയോ മനസിലാക്കുകയോ ചെയ്യാതെയാണ് മിക്ക മലയാളം സിനിമകളും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. ജോസഫ് എന്ന സിനിമ മസ്തിഷ്ക്ക മരണ അവയവ ദാനത്തിന് ഏൽപ്പിച്ച പ്രഹരം മാരകമായിരുന്നു. തലയിൽ ചുറ്റിക കൊണ്ട് അടിച്ച്, ബ്രെയിൻ ഡെത്ത് അവസ്ഥയിൽ എത്തിക്കുമത്രെ. വിദൂര സാധ്യതപോലും ഇല്ലാത്ത ആരോപണം. ഹൃദയപൂർവത്തിൽ ഇത്ര സീനിയറായ ഒരു സംവിധായകൻ എത്ര അലക്ഷ്യമായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. അവയവം മാറ്റിവെച്ച വ്യക്തി എടുക്കേണ്ട കരുതലുകൾ ഒന്നും ചിത്രം കാണിക്കുന്നില്ല. ഒക്കെ വെറും തമാശ. അവയവം ദാനം ചെയ്ത വ്യക്തിയോടും കുടുംബത്തോടും ഒരൊറ്റ വികാരമാണ് ദാനം സ്വീകരിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും പൊതുസമൂഹത്തിനും ഉണ്ടാകാൻ പാടുള്ളു. ബഹുമാനം. RESPECT.
ആകസ്മികമായി ഒരു വ്യക്തി അപകടത്തിലോ മറ്റ് കാരണങ്ങൾ കൊണ്ടോ, ബ്രെയിൻ ഡെത്ത് സ്റ്റേജിൽ പോകുന്നതും ആ വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ഉറ്റ ബന്ധുക്കൾ തീരുമാനിക്കുന്നതും തുടർന്ന് നടക്കുന്ന ബൃഹത്തായ ടീം വർക്കും. ഇവിടെ കോമഡിക്ക് സ്ഥാനമില്ല. ഇനി, അവയവം സ്വീകരിച്ച വ്യക്തി. ഒരുപാട് നിയന്ത്രണങ്ങൾ അവർക്ക് ആവശ്യമുണ്ട്. അവയവത്തെ തിരസ്കരിക്കാൻ ശരീരം നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. എത്ര കാലം കഴിഞ്ഞാലും. ആ പ്രതിരോധത്തെ പ്രതിരോധിച്ച് തോൽപ്പിക്കാനാണ് മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ടിവരുന്നത്. ശരീരത്തിന്റെ മൊത്തം പ്രതിരോധ ശക്തി( immunity) കുറയ്ക്കുന്ന അവസ്ഥയിൽ രോഗികൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇൻഫെക്ഷനുകളാണ് പ്രധാന വില്ലൻ.
പല തരത്തിലുള്ള രോഗാണുബാധകൾ ഉണ്ടാകാം. സീരിയസ് ആകാം. അവയവം തിരസ്കരിക്കപ്പെടാം. മരണം പോലും സംഭവിക്കാം. ഒരു കോംപ്ലിക്കേഷൻ വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന സാമ്പത്തിക ചിലവ് വളരെ ഉയർന്നതാകാം. മാസ്ക് ഉപയോഗിക്കുക, ധാരാളം ജനക്കൂട്ടം ഉള്ള സ്ഥലങ്ങൾ ഒഴിവാക്കുക, മൃഗങ്ങളുമായി( pet animals ) അടുത്ത് ഇടപഴകാതിരിക്കുക. മൃഗങ്ങളിൽ നിന്ന് ടോക്സോപ്ലാസ്മ, പലതരം ഫങ്കസുകൾ, പരാദജീവികൾ ഇത്തരം അസുഖങ്ങൾ വളരെ മാരകമാകാം. സ്റ്റിറോയ്ഡ് ഉൾപ്പെടെ മരുന്നുകൾ കഴിക്കുന്നത് കൊണ്ട് എല്ലുകളുടെ ബലം കുറയാം. അതിനാൽ അപകടങ്ങൾ, അടിപിടി... ഇതൊക്കെ കഴിയുന്നതും ഒഴിവാക്കുക
ദാതാവും സ്വീകർത്താവും പൊതുവെ തമ്മിൽ അറിയരുത് എന്നൊരു ചിന്ത ഉണ്ടായിരുന്നു. പിന്നീടുണ്ടാകാവുന്ന കുറേ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഒരു സമ്പ്രദായം ആയിരുന്നു. ഇപ്പോൾ മീഡിയയുടെ ശക്തമായ ഇടപെടൽ മൂലം ആ രഹസ്യ സ്വഭാവം പാലിക്കപ്പെടുന്നില്ല. ഹൃദയത്തിൽ കൂടി സ്വഭാവങ്ങൾ, ശീലങ്ങൾ, വികാരങ്ങൾ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകൾ മാത്രം. വെറും പേശികളും അതിനെ നിയന്ത്രിക്കുന്ന നാഡികളും മാത്രമുള്ള ഒരു പമ്പ് മാത്രമാണ് ഹൃദയം. അല്ലാതെ അതിൽ കൂടി "വികാരം “ ഒന്നും മാറ്റിവെയ്ക്കപ്പെടുന്നില്ല. സയൻസിനെ പോലും വളച്ചും ഒടിച്ചും വക്രീകരിച്ചും കാണിക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് ജനങ്ങളുടെ ശാസ്ത്രാവബോധവും സിനിമയുടെ ക്രെഡിബിലിറ്റിയുമാണ്.”
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്