മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം: ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

DECEMBER 20, 2025, 12:04 AM

 മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യൻ്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ  താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല.  സിനിമയിൽ നിലനിന്നു പോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചുവടുവെച്ചത്.

 താൻ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമർശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. 

 മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാവിധം മാറ്റുന്നതിന് ശ്രീനിവാസൻ  പ്രയത്നിച്ചു. തൻ്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിൽ വിജയിച്ച ചലച്ചിത്രകാരൻ കൂടിയാണ് ശ്രീനിവാസൻ.

vachakam
vachakam
vachakam

 കഥ, തിരക്കഥ, സംവിധാനം തുടങ്ങി അഭിനയം വരെയുള്ള മേഖലകളിലായി വ്യാപരിക്കുകയും പ്രവർത്തിച്ച മേഖലകളിലെല്ലാം അസാധാരണമാംവിധം സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്തു ശ്രീനിവാസൻ. അദ്ദേഹത്തിൻ്റെ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കും. 

 എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം ഉണ്ടാക്കുന്നത്.  ഒരു അഭിമുഖത്തിനായി ഞങ്ങൾ  ഒരുമിച്ചിരുന്നതും നർമ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സിൽ സ്ഥാനം ഉറപ്പിച്ചതും ഓർമിക്കുന്നു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസൻ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ട്.

 കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചുവളർന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തിൽ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam