കൊച്ചി: ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഹെയർസ്റ്റൈലിസ്റ്റുകള്‍ക്ക് എതിരെ നടത്തിയ പത്രസമ്മേളനത്തിനെതിരെ ഒരു വിഭാഗം ഹെയർ സ്റ്റൈലിസ്റ്റുകള്‍ രംഗത്ത്.
വ്യാജ കഥകള്‍ പ്രചരിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. ഞങ്ങള്‍ ഫെഫ്ക്കയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഇതിനുപിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നുമുള്ള അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങളാണ് ഭാഗ്യലക്ഷ്മി ഉന്നയിച്ചിരിക്കുന്നതെന്നും ഹെയർസ്റ്റൈലിസ്റ്റുകള്‍ പ്രസ്താവനയില്‍ ആരോപിച്ചു.
പ്രസ്താവനയുടെ പൂർണരൂപം...
കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍, ഞങ്ങള്‍ ഹെയർസ്റ്റൈലിസ്റ്റുകള്‍ക്ക് എതിരെ നടത്തിയ പത്രസമ്മേളനം വളരെ വില കുറഞ്ഞ രീതിയിലുള്ളതായിരുന്നു. അക്ഷരാർത്ഥത്തില്‍ അവർ സ്വയം പരിഹാസ്യരാവുകയാണ് ചെയ്തിരിക്കുന്നത്.
ഫെഫ്ക മീറ്റിംഗില്‍ ഞങ്ങള്‍ ഉന്നയിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായ്മ, പ്രതികരിക്കുന്നവരെ മാറ്റി നിർത്തുന്ന രീതി, തൊഴില്‍ നിഷേധിക്കപ്പെടല്‍, സ്ത്രീകള്‍ക്ക് ഭയമില്ലാതെ സ്വാതന്ത്രമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാവുക, എന്നിങ്ങനെയുള്ള യഥാർത്ഥ വിഷയങ്ങളെ മറച്ചു പിടിച്ചു കൊണ്ടാണ് അവർ സംസാരിച്ചത്.
മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയനിലുള്ള വിഷയങ്ങള്‍, ഞങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, ഒരു ഡബ്ബിങ് ആയ ഭാഗ്യലക്ഷ്മിക്ക് നേരിട്ട് അറിയാൻ സാധിക്കുന്നവയല്ല. ഞങ്ങള്‍ ഫെഫ്ക്കയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഇതിനുപിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നുമുള്ള അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങളാണ് അവർ ഉന്നയിച്ചിരിക്കുന്നത്. വ്യാജ കഥകള്‍ പ്രചരിപ്പിക്കുകയാണ് അവർ ചെയ്യുന്നത്.
ഞങ്ങളുടെ സംഘടന പൂർവാധികം ശക്തിയോടെ നിലനില്‍ക്കണം എന്നു തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സംഘടനയില്‍ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാണ്, ഇതിലെ അംഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് പരിഹരിക്കാൻ അഭ്യർഥിക്കുന്നത്.
മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയനില്‍ ഭിന്നത ഉണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്... ഞങ്ങളുടെ പല സ്ത്രീകള്‍ക്കും മാനസികമായും ശാരീരികമായും, ചൂഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത് ചൂണ്ടിക്കാണിച്ച്, പരാതി നല്‍കി അവ പരിഹരിക്കുന്നതിനായുള്ള നടപടികള്‍ ഉണ്ടാകുന്നതിനായി അഭ്യർഥിക്കുമ്ബോള്‍ ഞങ്ങളെ ഒറ്റപ്പെടുത്തുകയും, ജോലിയില്‍ നിന്ന് മാറ്റിനിർത്തുകയും ചെയ്യുന്നു...
ഒരു വിഭാഗം ആളുകള്‍ക്ക് മാത്രമാണ് എപ്പോഴും തൊഴില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥ 2024ലും തുടരുന്നു. സിനിമയിലെ ഇന്‍റേണല്‍ കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമാണോ എന്നുകൂടെ പരിശോധിക്കണം.ഞങ്ങളുടെ സംഘടനയിലെ തന്നെ മറ്റ് കുറച്ച് ഹെയർസ്റ്റൈലിസ്റ്റുകളെ വിളിച്ചുകൂട്ടി പത്രസമ്മേളനം നടത്തുക വഴി, ഞങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കി ഞങ്ങളെ രണ്ടായി പിളർക്കുന്നതിനാണ് ഭാഗ്യലക്ഷ്മി നേതൃത്വം നല്‍കിയിരിക്കുന്നത്. ഇത് തികച്ചും സംഘടനാവിരുദ്ധമാണ്.
ഞങ്ങളില്‍ ഒരാള്‍, തൊഴിലിനിടയില്‍ ലൈംഗിക ചൂഷണം നേരിടേണ്ടിവന്ന സമയത്ത് മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയനില്‍ പരാതി കൊടുത്തപ്പോള്‍, അവിടുത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമായ സീമ, സ്വീറ്റി എന്നിവർ വളരെ മോശമായി പെരുമാറുകയും, തെളിവ് ഉണ്ടോ എന്ന് ചോദിച്ച് മാനസികമായി വേദനിപ്പിക്കുകയുമാണ് ചെയ്തത്. തുടർന്ന് അവരുടെ ജോലി നിഷേധിക്കുകയും, അവരെ ഒരു ഭ്രാന്തിയായി ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് അവർ അതിനെ നിയമപരമായി തന്നെ നേരിടാൻ തീരുമാനിച്ചു.
കഴിഞ്ഞദിവസം, മാധ്യമങ്ങളോട് സംസാരിച്ച അവർക്ക്, മുഖം കാണിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഭാഗ്യലക്ഷ്മി അടങ്ങുന്ന സംഘം പത്രസമ്മേളനത്തില്‍ അവരുടെ പേര് വിളിച്ചു പറയുകയും അവരെ പൊതുസമൂഹത്തിനു മുൻപില്‍ അപമാനിതയാക്കുകയുമാണ് ചെയ്തത്.വിവിധതരം ചൂഷണങ്ങള്‍ വർഷങ്ങളായി ഞങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മേക്കപ്പ് യൂണിയൻ സെക്രട്ടറിയായ പ്രദീപ് രംഗനോട്, എന്തെങ്കിലും പരാതി പറഞ്ഞാല്‍, 'നിന്നെ മലയാള സിനിമയില്‍ നിന്ന് പുറത്താക്കും' എന്ന ഭീഷണിയാണ് മറുപടിയായി ലഭിക്കുന്നത്.
ഞങ്ങള്‍ യൂണിയനോ, ഫെഫ്കക്കോ ഒരിക്കലും എതിരല്ല. അതിനുള്ളിലെ ഏതാനും ചില വ്യക്തികളുടെ സ്വാർത്ഥ താല്‍പര്യങ്ങളാണ് ബഹുഭൂരിപക്ഷം പ്രശ്നങ്ങള്‍ക്കും കാരണം. പോരായ്മകള്‍ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോകണം എന്ന് തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്