എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നടി ആഞ്ജലീന ജോളി (49) യും നടന്‍ ബ്രാഡ് പിറ്റും (61) വിവാഹമോചിതരായി. ഇരുവരും ഡിസംബര്‍ 30ന് വിവാഹമോചന കരാറില്‍ ഒപ്പുവച്ചു. ആഞ്ജലീനയും കുട്ടികളും ബ്രാഡ് പിറ്റുമായി പങ്കിട്ടിരുന്ന സ്വത്തുക്കളിലുള്ള എല്ലാ അവകാശവും ഉപേക്ഷിച്ചുവെന്നും കുടുംബത്തിന്റെ സമാധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടിയുടെ അഭിഭാഷകനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഷങ്ങള്‍ നീണ്ട പ്രശ്‌നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ഡിവോഴ്‌സിന് ധാരണയായതില്‍ ആഞ്ജലീന ജോളിക്ക് ആശ്വാസമുണ്ടെന്നും കേസ് ഇവരെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും താരത്തിന്റെ അഭിഭാഷകന്‍ ജെയിംസ് സൈമണ്‍ പ്രതികരിച്ചു. ബ്രാഡ് പിറ്റുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി 2016 ലാണ് ആഞ്ജലീന ജോളി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.
പിന്നീട് തര്‍ക്കങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ഒടുവിലാണ് ഇരുവരും വിവാഹമോചിതരായത്. 2014 ല്‍ വിവാഹിതരായ ഇരുവര്‍ക്കും ആറ് മക്കളുണ്ട്. 2005 ല്‍ മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏറെ നാള്‍ ഒരുമിച്ച് ജീവിച്ച ഇരുവരും 2014 ലാണ് ഔദ്യോഗികമായി വിവാഹിതരായത്.
ഇതിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ആഞ്ജലീന ജോളി ജന്മം നല്‍കി. ഇരുവരും ചേര്‍ന്ന് മൂന്ന് കുട്ടികളെ ദത്തെടുക്കുകയും ചെയ്തിരുന്നു. 2016 ല്‍ ഒരു സ്വകാര്യ ജെറ്റില്‍ വെച്ച് തന്നോടും രണ്ട് മക്കളോടും ബ്രാഡ് പിറ്റ് മോശമായി പെരുമാറിയെന്ന് ആഞ്ജലീന പ്രത്യേക കോടതി നടപടികളില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബ്രാഡ് ഈ ആരോപണം നിഷേധിച്ചു. അന്വേഷണങ്ങള്‍ക്കൊടുവില്‍ ബ്രാഡിനെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല. വിഷയം കൂടുതല്‍ നിയമപരമായി നേരിടേണ്ടതില്ലെന്നും ആഞ്ജലീന തീരുമാനിച്ചു. നാല് മാസത്തിനുശേഷം, തങ്ങളുടെ വിവാഹമോചന നടപടികള്‍ സ്വകാര്യമായി കൈകാര്യം ചെയ്യാന്‍ സമ്മതിച്ചതായി ദമ്പതികള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിനായി സ്വകാര്യ ജഡ്ജിയേയും നിയമിച്ചു. മക്കളെ സംബന്ധിച്ചുള്ള അവകാശവാദങ്ങളും സ്വത്ത് സംബന്ധിച്ചുള്ള വിഷയങ്ങളും കാരണമാണ് വിവാഹമോചനം ധാരണയിലെത്താന്‍ വൈകിയത്.
ഡിവോഴ്‌സ് സെറ്റില്‍മെന്റ് നടന്നെങ്കിലും ഇരുവര്‍ക്കും ഉടമസ്ഥാവകാശമുള്ള ചില വസ്തുക്കള്‍ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഫ്രാന്‍സിലുള്ള വൈന്‍യാര്‍ഡ് സംബന്ധിച്ചാണ് തര്‍ക്കം. സ്റ്റോളി ഗ്രൂപ്പ് എന്ന കമ്പനിക്ക് ആഞ്ചലീന ജോളി ഓഹരി തന്റെ സമ്മതമില്ലാതെ വിറ്റു എന്ന് ബ്രാഡ് പിറ്റ് ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്