മലയാളി നടി അനുഗ്രഹ എസ് നമ്പ്യാർ തമിഴ് വെബ് സീരീസ് ‘റിസോർട്ടി’ന്റെ അണിയറ പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ സീരീസിലെ നായകനും എഴുത്തുകാരനുമായ വിജയ് കുമാർ, ഭാര്യ നക്ഷത്രാമൂർത്തി, നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്‌സ് എന്നിവർക്കെതിരെയാണ് നടിയുടെ ആരോപണം.
ഒരു വർഷത്തെ കരാറിൽ ഒപ്പിട്ട ശേഷവും ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങൾ തടഞ്ഞുവെന്നും കരാർ പ്രകാരം പ്രതിഫലം നൽകിയില്ലെന്നും അനുഗ്രഹ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
നിർമാണക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടർന്ന് താൻ മാനസികമായി തകർന്നെന്നും ആത്മഹത്യയുടെ വക്കിലെത്തിയെന്നും നടി വെളിപ്പെടുത്തി. സാമ്പത്തികമായും ശാരീരികമായും വലിയ പ്രതിസന്ധികൾ നേരിട്ടതായി അവർ പറഞ്ഞു. വിജയ് കുമാറും ഭാര്യയും തന്നെ അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചതായും ആരോപിച്ചു.
“ഒരു വർഷത്തേക്ക് കരാർ ഒപ്പിട്ടിട്ടും നാല് മാസമായി ഷൂട്ടിങ്ങിന് വിളിച്ചില്ല. മറ്റ് സിനിമകളിൽ അഭിനയിക്കാൻ അനുമതി ചോദിച്ചാൽ കരാർ ചൂണ്ടിക്കാട്ടി തടയും. എന്നാൽ സീരീസിന്റെ ഷൂട്ടിംഗ് തന്നെ നടക്കില്ല. ജിയോഹോട്ട്സ്റ്റാറിന്റെ മറ്റൊരു പ്രോജക്ട് ഇതുമൂലം നഷ്ടമായി,” എന്നാണ് അനുഗ്രഹ വ്യക്തമാക്കിയത്.
അസുഖം ബാധിച്ച് ആശുപത്രിയിൽ കഴിയുമ്പോൾ പോലും അപമാനകരമായ പരാമർശങ്ങൾ ഉണ്ടായതായി നടി ആരോപിച്ചു. മാനസിക പീഡനത്തെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതായും അവർ പറഞ്ഞു.
“എന്റെ പരിധി കഴിഞ്ഞു. ഇനി മിണ്ടാതിരിക്കാനാകില്ല. അവരുടെ പ്രവൃത്തികൾക്ക് അവർ തന്നെ ഉത്തരവാദികളാണ്. ഇത്തരത്തിലുള്ള ആളുകൾ സിനിമാ വ്യവസായത്തെ തന്നെ നശിപ്പിക്കും,” എന്നാണ് അനുഗ്രഹ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
