ഇതുവരെ ഒരു സിനിമയുടേയും സ്ക്രിപ്റ്റ് കേട്ടിട്ടില്ലെന്നും സിനിമാ ജീവിതം തീരുന്നതു വരെ ഒരു സ്ക്രിപ്റ്റും കേൾക്കുകയുമില്ല എന്ന നിയമം തന്റെ ആക്ടിങ് ബിസിനസിൽ ഉണ്ടെന്ന് നടൻ വിനായകൻ. സ്ക്രിപ്റ്റ് കേൾക്കുന്നത് തന്റെ ഏരിയ അല്ലെന്നും അദ്ദേഹം പറയുന്നു. തെക്ക് വടക്ക് സിനിമയുമായി ബന്ധപ്പെട്ട നടത്തിയ അഭിമുഖത്തിലാണ് വിനായകൻ ഇക്കാര്യം പറയുന്നത്.
'കോമഡിക്കാർ എന്ന ഒരു ലൈൻ, മിമിക്രിക്കാർ എന്ന ഒരു ലൈൻ, അഭിനയിക്കുക മാത്രം ചെയ്യുന്ന വലിയ ആളുകൾ, അങ്ങനെയൊന്നും ഇല്ല. തിലകൻ സാറും ഒടുവിൽ സാറും ഈ പറയുന്ന സാറന്മാരും ഇല്ലെങ്കിൽ ഈ സ്റ്റാർസ് എന്നു പറയുന്നവരാരും ഇല്ല, സത്യം അതാണ്.'- വിനായകൻ പറഞ്ഞു. തൻ്റെ ഏറ്റവും പുതിയ ചിത്രമായ തെക്ക് വടക്കിൻ്റെ ഭാഗമായി ഔദ്യോഗിക പേജില്‍ പ്രസിദ്ധീകരിച്ച ഇന്‍റര്‍വ്യൂവിലാണ് വിനായകന്‍റെ വാക്കുകള്‍.
വിനായകനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘തെക്ക് വടക്ക്'. റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയറായ മാധവൻ എന്ന കഥാപാത്രത്തെയാണ് വിനായകൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാധവന്റെ ബേസിക് ബോഡി ഡിസൈൻ തനിക്ക് വളരെ ഇഷ്ടമായി, അതാണ് ഈ സിനിമയിലേക്ക് വരാനുള്ള കാരണമെന്നും വിനായകൻ പറയുന്നു.
ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നിവയ്ക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. 'തമാശകൾ കേട്ട് ഒറ്റക്കിരുന്ന് പൊട്ടിച്ചിരിക്കും. ബന്ധങ്ങളില്ല ഇപ്പോൾ. ഞാൻ തന്നെയാണ് ഏറ്റവും വലിയ തമാശ. ചില ആളുകൾ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കും. ചില ആളുകൾ അഭിനയിപ്പിച്ച് ചിരിപ്പിച്ചു കളയും. അൾട്ടിമേറ്റായി എല്ലാവരും അഭിനേതാക്കളാണ്.'- വിനായകൻ പറഞ്ഞു. 'ജീവിതം യുദ്ധമാണ് എന്നത് തെക്ക് വടക്കിൽ മാധവനിലേക്കും ശങ്കുണ്ണിയിലേക്കും വന്നിട്ടുണ്ട്. ഒരാൾ ഇംഗ്ലീഷ് പറയുമ്പോൾ മറ്റേയാൾ സംസ്കൃതം പറയുന്നു. ഒരാൾ കരാട്ടെ പഠിക്കുമ്പോൾ കളരി പഠിക്കുന്നു. ഇങ്ങനെ ഒരു യുദ്ധം ഇവർക്കിടയിലുണ്ട്. അതാണ് സിനിമയിലെ ഏറ്റവും രസകരമായ ഏരിയ. തെക്കു വടക്ക് മനസിൽ മാത്രമുള്ള യുദ്ധമല്ല, രണ്ടു വ്യക്തികൾ തമ്മിലുള്ള യുദ്ധമാണെന്നും' വിനായകന്‍ പറയുന്നു.
'മാധവൻ വെൽ എജ്യുക്കേറ്റഡാണ്, എഞ്ചിനീയറാണ്, ക്ലീനായി നടക്കുന്ന കഥാപാത്രമാണ്. ഇംഗ്ലീഷ് പത്രങ്ങളേ വായിക്കാറുള്ളു. അതുതന്നെ എനിക്ക് രസമായി തോന്നി. ഇതുപോലെ ഒരു ക്യാരക്ടർ ഞാൻ ചെയ്തിട്ടില്ല. കഥാപാത്രത്തിന്റെ ബേസിക് ബോഡി ഡിസൈൻ എനിക്ക് വളരെ ഇഷ്ടമായി. അതാണ് ഞാനീ പടത്തിലേക്കു വരാനുള്ള കാരണം. എപ്പോഴും ഞാൻ സ്ക്രിപ്റ്റ് കേൾക്കുന്നതിന് പകരം ആ കഥാപാത്രത്തിന്റെ പ്രത്യേകതകൾ മനസിലാക്കാറാണ് പതിവ്. മാധവനെ അവതരിപ്പിക്കുമ്പോൾ അയാൾക്ക് ആണി രോഗമുണ്ടോ, ഗ്യാസ് ഉണ്ടോ, ഒരു അൻപത് വയസ്സുള്ള ഒരാൾക്ക് എന്തൊക്കെ അസുഖങ്ങൾ ഉണ്ടെന്നാണ് എന്റെ ചോദ്യം', വിനായകൻ പറഞ്ഞു.
ചിത്രം ഒക്ടോബർ നാലിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. വിനായകനും സുരാജിനുമൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അൻജന ഫിലിപ്പ്, വി എ ശ്രീകുമാർ എന്നിവർ ചേർന്ന് അൻജന- വാർസ് എന്ന ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പ്രേം ശങ്കറാണ് സംവിധാനം. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങി നൂറോളം അഭിനേതാക്കൾ ചിത്രത്തിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്