തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതിയോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി രഹസ്യങ്ങള്‍ പെരുപ്പിച്ചും അവാസ്തവമായും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് നിര്‍ദേശം.
കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയാണ് നിര്‍ദേശം നല്‍കിയത്. വയനാട് ക്യാമ്പിന്റെ തീരുമാനവും തദ്ദേശതിരഞ്ഞെടുപ്പിനായുള്ള 'മിഷന്‍ 25' പദ്ധതിയും നടപ്പാക്കുന്നതില്‍ നേതാക്കളുടെ തര്‍ക്കം തടസമാകുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ട്ടി രഹസ്യ സ്വഭാവത്തോടെ നടത്തിയ യോഗത്തെ സംബന്ധിച്ച് അവാസ്തവ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നാണ് ദീപാ ദാസ് മുന്‍ഷിയുടെ കത്തിലുള്ളത്.
കെ.പി.സി.സി ഭാരവാഹി യോഗത്തിലെ വിമര്‍ശനങ്ങളും ഇതേത്തുടര്‍ന്നുണ്ടായ മാധ്യമവാര്‍ത്തകളുമാണ് കോണ്‍ഗ്രസിലെ തര്‍ക്കം പരസ്യമാക്കിയത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പാര്‍ട്ടിസംവിധാനം ഹൈജാക്ക് ചെയ്യുന്നെന്നായിരുന്നു ഒരുവിഭാഗം ആരോപിച്ചത്. 'മിഷന്‍ 25' കര്‍മപദ്ധതിയുടെ ചുമതല വി.ഡി സതീശനായിരുന്നു. ഇതിനായി തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പും അതില്‍ അദ്ദേഹം നല്‍കിയ മെസേജുമാണ് ചില നേതാക്കളെ ചൊടിപ്പിച്ചത്. പിന്നാലെ, അടിയന്തരമായി കെ.പി.സി.സി. ഭാരവാഹിയോഗം ചേരുകയും സതീശനെ ഒരുവിഭാഗം നേതാക്കള്‍ വിമര്‍ശിക്കുകയുമായിരുന്നു.
ഇത് വാര്‍ത്തയായതോടെ സതീശനും ഇടഞ്ഞു. യോഗത്തില്‍ ഉണ്ടാകാത്ത വിമര്‍ശനം മാധ്യമങ്ങളില്‍ വന്നെന്നും ഇതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നും ചൂണ്ടിക്കാട്ടി. മിഷന്‍ 25-ന്റെ ഭാഗമായ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. വിവാദമുണ്ടാക്കന്‍ ശ്രമിച്ചവര്‍ക്കെതിരേ നടപടിവേണമെന്ന് ദേശീയ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ് പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്