ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സൂര്യയുടെ വാടിവാസൽ. വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ പ്രതീക്ഷകളായിരുന്നു സിനിമക്ക് മേലുണ്ടായിരുന്നത്.
നോട്ട് എ ടീസർ എന്ന തലക്കെട്ടോടെ ഒരു മേക്കിങ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പിന്നീട് സിനിമയെക്കുറിച്ച് യാതൊരു അപ്ഡേറ്റും ഉണ്ടായിരുന്നില്ല. ചിത്രം ഉപേക്ഷിച്ചെന്ന് വരെ വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാവ് കലൈപുലി എസ് താനു.
ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അച്ഛന്റെ മരണത്തിന് കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന പിച്ചിയുടെ കഥയാണ് നോവൽ പറയുന്നത്.
സംവിധായകൻ വെട്രിമാരനും നടൻ സൂര്യക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിർമാതാവ്. വാടിവാസൽ തുറക്കുന്നു എന്ന ക്യാപ്ഷനോടെയാണ് കലൈപുലി എസ് താനു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നത്. വി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക ആർ വേൽരാജ് ആണ്.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ ആണ് ഇനി പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. മെയ് ഒന്നിന് ചിത്രം തിയേറ്ററിലെത്തും. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്