സിക്കിമും അരുണാചലും ഇന്ന് ബൂത്തിലേക്ക്; അസംബ്ലിയിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും

APRIL 19, 2024, 4:46 AM

ന്യൂഡല്‍ഹി: സിക്കിമിലും അരുണാചല്‍ പ്രദേശിലും ഇന്ന് ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം അസംബ്ലിയിലേക്കുള്ള വോട്ടെടുപ്പും നടക്കും. 32 മണ്ഡലങ്ങളുള്ള സിക്കിമില്‍ 146 സ്ഥാനാര്‍ഥികളും അരുണാചലില്‍ 50 മണ്ഡലങ്ങളില്‍ 133 പേരുമാണ് മത്സര രംഗത്തുള്ളത്.

സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ് തുടങ്ങിയവരാണ് മത്സരരംഗത്തെ പ്രമുഖര്‍. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം) അധ്യക്ഷനായ പ്രേം സിങ് തമാങ് രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് മത്സരിക്കുന്നത്. ഗാങ്‌ടോക് ജില്ലയിലെ റെനോക്, സോറെങ് ജില്ലയിലെ സോറെങ് ചകൂങ് മണ്ഡലങ്ങളില്‍ നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. പ്രേം സിങിന്റെ ഭാര്യ കൃഷ്ണ കുമാരി നംചി-സിങ്കിതാങ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്.

ഒമ്പതാം തവണ മത്സരിക്കുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.ഡി.എഫ്) അധ്യക്ഷന്‍ പവന്‍ കുമാര്‍ ചാംലിങ്ങും രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. എസ്.കെ.എം, എസ്.ഡി.എഫ് എന്നിവ 32 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബി.ജെ.പി 31 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് 12ലും മത്സരിക്കുന്നു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.കെ.എം 17 സീറ്റിലും എസ്.ഡി.എഫ് 15 സീറ്റിലുമാണ് വിജയിച്ചത്. പിന്നീട്, എസ്.ഡി.എഫിലെ 10 എം.എല്‍.എമാര്‍ കൂറുമാറി ബി.ജെ.പിയില്‍ എത്തി.

2019 ഒക്ടോബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്.കെ.എമ്മുമായി ചേര്‍ന്ന് രണ്ട് സീറ്റിലും ബി.ജെ.പി വിജയിച്ചു. ബി.ജെ.പിയുടെ 12 എം.എല്‍.എമാരില്‍ അഞ്ച് പേര്‍ പിന്നീട് പാര്‍ട്ടിവിട്ട് എസ്.കെ.എമ്മില്‍ ചേര്‍ന്നു. അരുണാചലില്‍ 60 അംഗ നിയമസഭയാണ്. എന്നാല്‍, 10 മണ്ഡലങ്ങളില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മത്സരം 50ലേക്ക് ചുരുങ്ങിയത്.

മുഖ്യമന്ത്രി പ്രേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മെയിന്‍ എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആറ് മണ്ഡലങ്ങളില്‍ ഓരോ നാമനിര്‍ദേശ പത്രിക വീതമാണ് സമര്‍പ്പിച്ചത്. നാല് മണ്ഡലങ്ങളില്‍ മറ്റുളളവര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു. വോട്ടെടുപ്പിന് മുമ്പുതന്നെ കരുത്ത് തെളിയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.

അരുണാചല്‍ വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നബാം തൂക്കി എന്നിവര്‍ ഉള്‍പ്പെടെ എട്ട് സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. അരുണാചല്‍ ഈസ്റ്റില്‍ നിലവിലെ ബി.ജെ.പി എം.പി തപിര്‍ ഗാവോ, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബോസിറാം സിറാം എന്നിവരാണ് മത്സരിക്കുന്ന പ്രമുഖര്‍. 2,226 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 228 എണ്ണം വാഹനം എത്താത്ത വിദൂരപ്രദേശത്തുള്ളവയാണ്.

2019 ല്‍ നടന്ന തിലപരരഞ്ഞെടുപ്പില്‍ 41 നിയമസഭാ സീറ്റുകളും രണ്ട് ലോക്‌സഭാ സീറ്റുകളുമാണ് ബി.ജെ.പി നേടിയത്. ജെ.ഡി.യു ഏഴ് സീറ്റിലും എന്‍.പി.പി അഞ്ചിലും കോണ്‍ഗ്രസ് നാലിലും ജയിച്ചു. പി.പി.എ ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ടിടങ്ങളിലും വിജയം സ്വന്തമാക്കി. ജെ.ഡി.യുവിലെ ഏഴംഗങ്ങളും പിന്നീട് ബി.ജെ.പിയിലേക്ക് കൂറുമാറുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam