കഠിനകഠോരം ഈ പരീക്ഷണം; ലൈസൻസിനായി എത്തിയ 98-പേരില്‍ ടെസ്റ്റ് വിജയിച്ചത് 18 പേര്‍ മാത്രം

MAY 2, 2024, 4:32 PM

ടെസ്റ്റ് നിബന്ധനകളില്‍ ഇളവുനല്‍കി പരമാവധിപേരെ വിജയിപ്പിച്ച വെഹിക്കിള്‍ ഇൻസ്പെക്ടർമാരെക്കൊണ്ട് വീണ്ടും ഡ്രൈവിങ് ടെസ്റ്റ് നടത്തിച്ചപ്പോള്‍ വിജയശതമാനം കുത്തനെ ഇടിഞ്ഞു. ദിവസം 100 ടെസ്റ്റുവരെ നടത്തി ലൈസൻസ് നല്‍കിയ 15 ഉദ്യോഗസ്ഥരെ നിയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ 98 അപേക്ഷകരില്‍ 18 പേർ മാത്രമാണ് വിജയിച്ചത്.

ഉദ്യോഗസ്ഥർ നേരത്തേ നടത്തിയ ടെസ്റ്റുകളില്‍ വീഴ്ച സംഭവിച്ചെന്നാണ് നിഗമനം. റിപ്പോർട്ട് മന്ത്രിക്ക് കൈമാറി. ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടായേക്കും. ഒരു ഇൻസ്പെക്ടർ ദിവസം 60 ഡ്രൈവിങ് ടെസ്റ്റില്‍ കൂടുതല്‍ നടത്തരുതെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്. ഇത് ലംഘിച്ച്‌ കൂടുതല്‍ ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥരാണ് കുടുങ്ങിയത്.

ഇവരെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി മുട്ടത്തറയിലെ ടെസ്റ്റിങ്ങിന് നിയോഗിക്കുകയായിരുന്നു. ഇവരെ നിരീക്ഷിക്കാൻ മറ്റു ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. നാലുചക്ര വാഹനങ്ങള്‍ക്കുള്ള എച്ച്‌ ടെസ്റ്റില്‍ തിങ്കളാഴ്ച എത്തിയവരില്‍ ഭൂരിഭാഗംപേരും ജയിച്ചു. എന്നാല്‍, റോഡ് ടെസ്റ്റ് കർശനമാക്കിയതോടെ പരാജയനിരക്ക് കൂടി. 10-12 മിനിറ്റാണ് റോഡ്ടെസ്റ്റിന് എടുത്തത്. ടെസ്റ്റ് പൂർണമായും ചിത്രീകരിക്കുകയും ചെയ്തു.

vachakam
vachakam
vachakam

കൂടുതല്‍ ഉദ്യോഗസ്ഥരെ കണ്ട് പരിഭ്രാന്തരായാണ് സ്ത്രീകളടക്കമുള്ളവർ പരാജയപ്പെട്ടതെന്ന് ആരോപണമുണ്ട്. പരാജയപ്പെട്ടവരും ഡ്രൈവിങ് സ്കൂള്‍ ഉടമകളും സ്ഥലത്ത് പ്രതിഷേധിച്ചു. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന വൈകീട്ട് നാലിനാണ് പൂർത്തിയായത്. രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് ടെസ്റ്റ് നടത്തുന്നതിനാലാണ് ദിവസം നൂറുപേരെ പ്രവേശിപ്പിക്കാൻ കഴിയുന്നതെന്ന് ആരോപണവിധേയരായ ഉദ്യോഗസ്ഥർ പറഞ്ഞു.

എച്ച്‌, എട്ട് ടെസ്റ്റുകളില്‍ 30 ശതമാനംപേർ തോല്‍ക്കും. ഇവർക്ക് റോഡ് ടെസ്റ്റ് നടത്തേണ്ടതില്ല. ഈ സമയം മറ്റുള്ളവരുടെ പരിശോധന നടത്താൻ കഴിയുമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. മേയ് ഒന്നുമുതല്‍ പരമാവധി 30 പേർക്ക് മാത്രം ടെസ്റ്റ് നടത്തിയാല്‍മതിയെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ കർശന നിർദേശം നല്‍കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam