തിരുവനന്തപുരം: ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സിപിഐഎം നേതാവ് കെടി ജലീൽ. പാർട്ടി ആവശ്യപ്പെട്ടാൽ താൻ സേവനം തുടരുമെന്നും ഇപ്പോൾ റിട്ടയർമെൻ്റ് മൂഡിലാണെന്നും അദ്ദേഹം പറയുന്നു.
ഒരു സാധാരണക്കാരൻ എന്ന നിലയിൽ ഇതുവരെ എനിക്ക് നൽകിയ വലിയ പരിഗണനയ്ക്ക് സിപിഎമ്മിന് നന്ദി. സഹയാത്രികനായി സിപിഎമ്മിൽ തുടരുമെന്നും ജലീൽ പറയുന്നു. 'സ്വർഗസ്ഥനായ ഗാന്ധിജി' എന്ന പുസ്തകത്തിലെ അവസാന അധ്യായത്തിലാണ് ജലീല്‍ നിലപാട് വ്യക്തമാക്കുന്നത്. നാളെ ആണ് പുസ്‌തകം പുറത്തിറങ്ങുന്നത്.
ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് നേരത്തെ കെടി ജലീല്‍ എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു കെടി ജലീലിൻ്റെ പരാമർശം.
സിപിഎം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. വിശദവിവരങ്ങള്‍ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന "സ്വർഗ്സ്ഥനായ ഗാന്ധിജി"യുടെ അവസാന അധ്യായത്തിലുണ്ടാവുമെന്നും കെടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ജലീലിന്റെ പുസ്തകത്തിലെ അവസാന അധ്യായം
പ്രിയപ്പെട്ട ബഷീറിന്, സുഖം തന്നെയല്ലേ? നമ്മള്‍ തമ്മില്‍ രാഷ്ട്രീയം പറയാതിരിക്കലാണ് ഭംഗി. അത് നമുക്കിടയില്‍ ഒരു ചെറിയ അകല്‍ച്ചയെങ്കിലും ഉണ്ടാക്കിയേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. കീഴുപറമ്ബ് വഴി കടന്നു പോകുന്ന അവസരങ്ങളിലെല്ലാം നിന്നെയും കുടുംബത്തെയും അന്വേഷിച്ച് ഞാൻ എത്താറുണ്ട്. വീട്ടില്‍ നീ ഉണ്ടെങ്കിലും ഇല്ലെങ്കിലും. നിൻ്റെ ഉമ്മയെ അത്ര പെട്ടന്ന് മറക്കാനാവില്ലല്ലോ? പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഭക്ഷണം എത്ര വെച്ചുവിളമ്ബിത്തന്നതാണ് ആ പാവം! നിന്നെക്കാള്‍ പരിഗണന എനിക്കാണ് ഉമ്മ തന്നിരുന്നത്. ഇപ്പോള്‍ കുറച്ചായി യാത്രകള്‍ കുറച്ചിട്ടുണ്ട്. അതുകൊണ്ടാണ് തമ്മില്‍ കാണാൻ പറ്റാതിരുന്നത്. അല്ലാതെ ബോധപൂർവ്വമല്ല.
ഞാനൊരു വിരമിക്കല്‍ മൂഡിലാണ്. വായനയും എഴുത്തും ഒരു ഹരമായി മാറിക്കഴിഞ്ഞു. പണ്ട് പുസ്തകങ്ങള്‍ നമ്മുടെ ക്ലാസ്സിലെ കുട്ടികള്‍ മത്സരിച്ച് വായിച്ചിരുന്നത് ഇന്നും കണ്ണില്‍ കാണുന്നു. ഒഴുക്കുനിലച്ച ഒരു പുഴ വീണ്ടും ഒഴുകാൻ തുടങ്ങിയ പ്രതീതിയാണ് വായന വീണ്ടും ചിന്തകളെ ഉണർത്തുമ്ബോള്‍ അനുഭവപ്പെടുന്നത്. പന്ത്രണ്ടര വർഷം കോളേജ് ലക്ചറർ. അതും എൻ്റെ രക്തത്തില്‍ അലിഞ്ഞുചേർന്ന പി.എസ്.എം.ഒ ക്യാമ്ബസില്‍. പ്രഥമ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം. അദ്ധ്യാപകനായിരിക്കെ തന്നെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. 2006 മുതല്‍ കേരള നിയമസഭാംഗം. 2026-ല്‍ നാലാം ടേമും കൂടി പൂർത്തിയായാല്‍ 20 കൊല്ലം എംഎല്‍എ. അതില്‍ തന്നെ അഞ്ചുവർഷം മന്ത്രി. സി പി എം എന്നെപ്പോലെ ഒരു സാധാരണക്കാരനോട് കാണിച്ച ഉദാരതക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പാർട്ടി ആവശ്യപ്പെടുന്നെടത്തോളം കഴിവിൻ്റെ പരമാവധി സേവനം ഞാൻ നല്‍കും. സി.പി.ഐ (എം)-ൻ്റെ സഹയാത്രികനായി തുടരും.
നല്ല ജീവിത പങ്കാളി. നമുക്ക് ചീത്തപ്പേരുണ്ടാക്കാത്ത മക്കള്‍. കട്ടക്ക് കൂടെനില്‍ക്കുന്ന സുഹൃത്തുക്കള്‍. നിലമില്ലാകയത്തില്‍ മുങ്ങിത്താണപ്പോള്‍ കൈ തന്ന് കരക്കെത്തിച്ച നാട്ടുകാർ. ഒരു പുരുഷായുസ്സ് ധന്യമാകാൻ ഇതില്‍പരം എന്തുവണം! ആഗ്രഹങ്ങളെല്ലാം പൂവണിഞ്ഞു. ഇനി മാന്യമായ പിൻമാറ്റം. സ്വരം നന്നാകുമ്ബോള്‍ പാട്ട് നിർത്തണമെന്നാണല്ലോ കാരണവൻമാർ പറയാറ്! ജീവിതത്തില്‍ എന്ത് ആവുകയാണെങ്കിലും അറുപത് വയസ്സിനു മുമ്ബ് ആകണം. അറുപത് കഴിഞ്ഞാല്‍ ശരീരത്തിന് മാത്രമല്ല കിതപ്പ് അനുഭവപ്പെടുക. കണ്ണുകളില്‍ വെളിച്ചക്കുറവ് പടർന്നു തുടങ്ങും. ദേഷ്യം കൂടും. ഞങ്ങളുടെ കുടുംബം പൊതുവെതന്നെ പെട്ടന്ന് ദേഷ്യം പിടിക്കുന്നവരാണെന്ന് നിനക്കറിയാമല്ലോ? ഓർമ്മശക്തിയും പതിയെ കുറഞ്ഞ് വരും. പുതുതായി വായിക്കുന്നതൊന്നും മനസ്സില്‍ നില്‍ക്കില്ല. മറവിയുടെ വാതിലിന് നീളവും വീതിയും കൂടും. പലരുടെയും പേരുകള്‍ പോലും ഓർത്തെടുക്കാൻ ബുദ്ധിമുട്ടും. പദവികള്‍ വഹിക്കുമ്ബോഴുള്ള അസ്വാതന്ത്ര്യം എനിക്കെന്തോ ആസ്വദിക്കാൻ ആവുന്നില്ല. ഇനി ന്യുജെൻ രംഗത്തുവരട്ടെ. അവരുടേതു കൂടിയാണ് അധികാര പദവികളും അവസരങ്ങളും അടങ്ങുന്ന ഈ ലോകം. നവാഗതർക്ക് കസേര ഒഴിഞ്ഞു കൊടുക്കാൻ ഒരുമടിയും തോന്നുന്നില്ല.
നിയമനിർമ്മാണ സഭകളില്‍ കിടന്ന് മരിക്കാമെന്ന് നമ്മള്‍ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ലല്ലോ?എതിരാളികള്‍ക്ക് 4 തവണ തോല്‍പ്പിക്കാൻ അവസരം കൊടുത്തു. നാലിലും അവർക്ക് ജയിക്കാനായില്ല. ശരിയായ നിലപാട് ഉയർത്തിപ്പിടിച്ചതിൻ്റെ പേരില്‍ ചവിട്ടിയരക്കപ്പെട്ടപ്പോഴുണ്ടായ വാശിയായിരുന്നു മുന്നോട്ടുള്ള കുതിപ്പിന് ഊർജ്ജം പകർന്നത്. പൊതുപ്രവർത്തനം സിരകളിലൂടെ ഒരാവേശമായി ഒഴുകിയ കാലത്ത് ആ പ്രയാണം തടസ്സപ്പെടുത്താൻ "ചിലർ" ശ്രമിച്ചപ്പോള്‍ തോറ്റ് കീഴടങ്ങി വീട്ടിലിരിക്കാൻ മനസ്സ് അനുവദിച്ചില്ല. അകാരണമായി അപമാനിക്കപ്പെടുമ്ബോള്‍ ഏതൊരാള്‍ക്കും ഉണ്ടാകുന്ന ക്ഷോഭം. വിപ്ലവബോധം ചിന്താമണ്ഡലത്തെ പ്രകമ്ബനം കൊള്ളിച്ചപ്പോള്‍ രണ്ടും കല്‍പ്പിച്ച് കളത്തിലിറങ്ങി. ഒന്നുകില്‍ "രാഷ്ട്രീയ മരണം", അല്ലെങ്കില്‍ അസാധ്യമെന്ന് ഭൂരിഭാഗം ആളുകളൂം കരുതിയ "അതിജീവനം".
ജനങ്ങള്‍ കയ്യുംമെയ്യും മറന്ന് ഐക്യപ്പെട്ടപ്പോള്‍ കന്നിയങ്കത്തില്‍ ചരിത്രവിജയം. അന്ന് തുടങ്ങിയ വിശ്രമരഹിതമായ രണ്ട് പതിറ്റാണ്ട്! മല്‍സരിക്കാൻ മനുഷ്യാധ്വാനം മാത്രം പോര. വലിയ പണച്ചെലവും അനിവാര്യമാണ്. നമ്മളല്ലെങ്കിലും മറ്റേതെങ്കിലും ആളുകള്‍ പണം തന്ന് സഹായിച്ചാലല്ലേ പ്രചരണ പ്രവർത്തനങ്ങള്‍ നടക്കുകയുള്ളൂ. ഒരു താല്‍പര്യങ്ങളുമില്ലാതെ നാല് തെരഞ്ഞെടുപ്പുകളില്‍ അടുപ്പക്കാരും അഭ്യുദയകാംക്ഷികളും പാർട്ടിയും കയ്യയച്ച് സഹായിച്ചു. ഇനിയും അവരെ എന്തിന് ബുദ്ധിമുട്ടിക്കണം? അവർ ഇനിയും തരും. എന്നെക്കാള്‍ നന്നായി എന്നെ അറിയുന്നവരാണല്ലോ അവർ! പക്ഷെ, നമുക്കും വേണ്ടേ ഒരൗചിത്യം? 2026 ആകുമ്ബോള്‍ എനിക്കും നിനക്കും വയസ്സ് 59 ആകും. 60 തികയാൻ ഒരു വർഷം മാത്രം ബാക്കി. തെരഞ്ഞെടുപ്പ് ഗോദയില്‍ നില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഏറ്റവും യോജ്യമായ സമയം.
പെൻഷൻ തുക സ്വരൂപിച്ച് വർഷത്തിലൊരിക്കല്‍ ലോകം ചുറ്റിക്കറങ്ങണം. കണ്ടതെല്ലാം കുറിച്ചിടണം. നേരനുഭവങ്ങള്‍ ലോകരോട് വിളിച്ചു പറയണം. ഇതിനകം പത്തു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. രണ്ടെണ്ണം അച്ചടിയിലാണ്."കേരളത്തിൻ്റെ ദാരാഷുക്കോ"യും"സ്വർഗ്ഗസ്ഥനായ ഗാന്ധിജി"യും, ഉടൻ വെളിച്ചം കാണും. ഇപ്പോള്‍ പതിമൂന്നാമത്തെ പുസ്തകത്തിൻ്റെ പണിപ്പുരയിലാണ്. റഫറൻസ് ഗ്രന്ഥങ്ങളില്‍ ആവശ്യമുള്ളത് മുങ്ങിത്തപ്പുന്നതിന് ഇടയിലാണ് നീ അയച്ച മെസ്സേജ് കിട്ടിയത്. ഉടനെത്തന്നെ മറുകുറിപ്പ് അയാക്കാമെന്ന് കരുതി. വായന കൂടുമ്ബോള്‍ ചോദ്യങ്ങളും കൂടിക്കൂടി വരും. സംശയ നിവാരണത്തിന് പരമാവധി ശ്രമിക്കുന്നുണ്ട്. അറിയുന്നവരെ ഫോണില്‍ വിളിച്ചാണ് കാര്യങ്ങള്‍ തിരക്കുന്നത്. "സോഷ്യലിസ്റ്റായ മുഹമ്മദ് നബി" എന്നാണ് എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിൻ്റെ തലക്കെട്ട്. എല്ലാ ഹദീസ് ഗ്രന്ഥങ്ങളുടെ മലയാള പരിഭാഷകളും എൻ്റെ മേശപ്പുറത്തുണ്ട്. ചില നിരീക്ഷണങ്ങളൊക്കെ വായിക്കുമ്ബോള്‍ ചിരി വരും. അഭിപ്രായങ്ങള്‍ യുക്തിഭദ്രമാകുമ്ബോഴേ ബുദ്ധിയുള്ളവർക്ക് അത് ഉള്‍കൊള്ളാനാകൂ.
മക്കള്‍ അവരുടെ യോഗ്യതയില്‍ തന്നെ ഭേദപ്പെട്ട സ്ഥാനങ്ങളില്‍ എത്തി. അതില്‍ എൻ്റെ പങ്ക് പൂജ്യമാണ്. നല്ലപാതി കുഞ്ഞിമോള്‍ക്കാണ് മുഴുവൻ ക്രെഡിറ്റും. പൊതുപ്രവർത്തകർക്ക് കുടുംബ കാര്യങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കാൻ കഴിയാറില്ല. അതിൻ്റെ ഒരു നീരസം ഉപ്പാക്കും ഉമ്മാക്കും ഭാര്യക്കും മക്കള്‍ക്കും കുടുംബക്കാർക്കും എല്ലാമുണ്ട്. തറവാട്ടു സ്വത്തില്‍ പങ്കുവേണ്ടെന്ന് ഇപ്പോഴേ തീരുമാനിച്ചു. അത് പെങ്ങൻമാരും അനിയൻമാരും എടുക്കട്ടെ. നിന്നോടിത് പരസ്യപ്പെടുത്തുന്നത് ഒരു വീണ്ടുവിചാരം ഇക്കാര്യത്തില്‍ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്. ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. ഏഴുമക്കളില്‍ ഞാനാണ് മൂത്തയാള്‍. എനിക്ക് ശമ്ബളം കിട്ടിത്തുടങ്ങിയപ്പോഴേക്ക് പെങ്ങൻമാരുടെ കല്യാണമെല്ലാം കഴിഞ്ഞിരുന്നു. എല്ലാം ഉപ്പ ഒറ്റക്കാണ് നടത്തിയത്. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ക്ക് നടുവില്‍ ചക്രശ്വാസം വലിക്കുമ്ബോഴും മറ്റു പല രക്ഷിതാക്കളെയും പോലെ പഠിത്തം നിർത്തി ഗള്‍ഫില്‍ പോകാൻ ഒരിക്കലും അദ്ദേഹം നിർബന്ധിച്ചില്ല. ഞങ്ങള്‍ ഏഴുമക്കളുടെ ഭാരവും ഉപ്പ ഒറ്റക്ക് പേറി. എൻ്റെ വിവാഹത്തിൻ്റെ ചെലവെല്ലാം വഹിച്ചത് ഉപ്പയാണ്. കല്ല്യാണ സമയത്ത് ഞാൻ എം.ഫിലിന് യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയാണ്. ഭാര്യക്ക് നിർബന്ധമായും നല്‍കേണ്ട "മഹറ്"(സ്വർണ്ണത്താലി) വാങ്ങിത്തന്നത് പോലും ഉപ്പയായിരുന്നു. എന്തിനധികം എനിക്ക് ആദ്യത്തെ കുട്ടി ജനിച്ചപ്പോള്‍ ബലിയറുക്കാൻ പോത്തിനെ വാങ്ങി നല്‍കിയതും ഉപ്പ തന്നെ. അതുകൊണ്ടാണ് ഉപ്പയുടെ സമ്ബാദ്യത്തില്‍ കണ്ണും നട്ടിരിക്കാൻ മനസ്സ് സമ്മതിക്കാത്തത്. ഉപ്പയുടെയും ഉമ്മയുടെയും കാലശേഷം വല്ലതുമുണ്ടാകുമെങ്കില്‍ അത് കൂടപ്പിറപ്പുകള്‍ പങ്കിട്ടെടുക്കട്ടെ. അവരാണ് അതിൻ്റെ യഥാർത്ഥ അവകാശികള്‍. എൻ്റെ മുൻഗണനാ പട്ടികയില്‍ പണത്തിൻ്റെ സ്ഥാനം വളരെ പിറകിലാണ്. പൊന്നിനും പണത്തിനും മുമ്ബില്‍ ഒരിക്കലും തോറ്റു കൊടുത്തിട്ടില്ല. സൗഹൃദത്തിനും സ്നേഹത്തിനും മുന്നില്‍ പലപ്പോഴു അടിയറവ് പറഞ്ഞിട്ടുണ്ട്. എന്നെ അടുത്ത് മനസ്സിലാക്കിയ നിനക്ക് അത് ബോദ്ധ്യമായിക്കാണുമല്ലോ?
ഒരുതരി സ്വർണ്ണവും ഒരുരൂപയും കൊടുക്കാതെയാണ് എൻ്റെ രണ്ട് പെണ്‍മക്കളെയും വിവാഹം കഴിപ്പിച്ചത്. ഒന്നും വാങ്ങാതെ മകൻ്റെ നിക്കാഹും കഴിഞ്ഞു. മൂത്തമോള്‍ അസ്മ ബീവി കാലിഫോർണിയയില്‍ "NVIDIA" എന്ന കമ്ബനിയില്‍ ഡീപ് ലേണിംഗ് എഞ്ചിനീയറാണ്. രണ്ടാമത്തെ മകൻ മുഹമ്മദ് ഫാറൂഖ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. മൂന്നാമത്തെ മകള്‍ സുമയ്യ ബീഗം എം.ബി.ബി.എസ് പൂർത്തിയാക്കി. അവളിപ്പോള്‍ MD-ക്ക് പഠിക്കുന്നു. മൂന്നുപേർക്കും മെറിറ്റില്‍ പ്രവേശനം ലഭിച്ചതിനാല്‍ പഠനത്തിന് വലിയ പണമോ ശുപാർശയോ വേണ്ടി വന്നില്ല. മൂത്ത മരുമകൻ അജീഷ് കാലിഫോർണ്ണിയയില്‍ "ആപ്പിളില്‍" സീനിയർ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. മരുമകള്‍ ശുഅയ്ബ LLB അവസാന വർഷത്തിലേക്ക് കടക്കുന്നു. ചെറിയ മകളുടെ ഭർത്താവ് ഷരീഫ് എം.ബി.ബി.എസ് കഴിഞ്ഞ് ശ്രീനഗർ സ്കിംസില്‍ (SKIMS) MD ചെയ്യുന്നു.
കുഞ്ഞിമോള്‍ 2026 ല്‍ റിട്ടയർ ചെയ്യും. ഉപ്പാക്കും ഉമ്മാക്കും വലിയ ബുദ്ധിമുട്ടുകളില്ല. അനിയൻമാരും അനിയത്തിമാരും എന്നെക്കാള്‍ സാമ്ബത്തിക ഭദ്രതയുള്ളവരാണ്. കുറേ നല്ല കൂട്ടുകാരാണ് എക്കാലത്തെയും എൻ്റെ വലിയ സമ്ബാദ്യം. അവരുടെ അകമഴിഞ്ഞ സ്നേഹം നല്‍കിയ കരുത്ത് ചെറുതല്ല. ജീവിത വഴിയിലെ കൊടുംചൂടില്‍ തണലേകിയ സഹപാഠികളെ മരിച്ചാലും മറക്കില്ല. ആശയകലഹം തീർത്ത പോരാട്ട ഭൂമികയില്‍ ഉയിർക്കൊണ്ട നിശ്ചയങ്ങളെല്ലാം സാദ്ധ്യമായത് ജനങ്ങളുടെ അകമഴിഞ്ഞ ഐക്യദാർഢ്യം കൊണ്ടാണ്. അവരോടുള്ള കടപ്പാട് വാക്കുകള്‍ക്കതീതമാണ്.
ഇപ്പോള്‍ ഞാൻ പത്ത് പൈസയുടെ കടക്കാരനല്ല. നമ്മള്‍ ഒരുമിച്ച് പഠിച്ചിരുന്ന കാലത്തും എൻ്റെ സ്വഭാവം നിനക്കറിയാമല്ലോ? എന്തെങ്കിലും വാങ്ങിയ വകയില്‍ പോലും ഒരാള്‍ക്കും ഒരു രൂപ കൊടുക്കാനില്ല. സമ്ബത്തിക ബാദ്ധ്യതയുടെ ഭാരമില്ലാതെ സ്വന്തം നാട്ടില്‍ നടക്കാൻ കഴിയുക എന്നതിനപ്പുറം സന്തോഷം തരുന്ന മറ്റൊന്നില്ല. ക്രയവിക്രയത്തില്‍ സൂക്ഷ്മത പാലിച്ചാലെ ഏത് കൊമ്ബൻ്റെ മുഖത്ത് നോക്കിയും സംസാരിക്കാനുള്ള ത്രാണിയുണ്ടാകൂ. രാത്രി കിടന്നാല്‍ പെട്ടന്ന് ഉറക്കം വരാനും അത് അനിവാര്യമാണ്.
പൊതുപ്രവർത്തന വീഥിയില്‍ എല്ലാവരെയും പരമാവധി സഹായിക്കാൻ ശ്രമിച്ചിട്ടുണ്ട്. വോട്ടർമാർക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇനി ഏതാണ്ട് രണ്ട് വർഷമല്ലേ അവശേഷിക്കുന്നുള്ളൂ. ജനപ്രതിനിധി എന്ന നിലയില്‍ എന്നെ വിവിധ ആവശ്യങ്ങള്‍ക്കായി സമീപിച്ചവരോട് പരമാവധി നീതി പുലർത്തിയിട്ടുണ്ട്. ആരോടും ഒരു വിവേചനവും കാണിച്ചിട്ടില്ല. ഒരാളുടെയും അഭിമാനം ബോധപൂർവ്വം ക്ഷതപ്പെടുത്തിയിട്ടുമില്ല. എന്നാലും സമ്ബൂർണ്ണത അവകാശപ്പെടാൻ ആവില്ല. കുറ്റങ്ങളും കുറവുകളും സംഭവിച്ചിട്ടുണ്ടാകും. ഉറപ്പാണ്. മനുഷ്യനല്ലെ? വ്യക്തിജീവിതത്തിലും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. വൻപാപങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണ് എൻ്റെ വിശ്വാസം. എല്ലാം അറിയുന്ന ഒരു ശക്തി മേലെയുണ്ടല്ലോ? അവൻ്റെ റഡാറിനോളം വലിയ റഡാർ ലോകത്ത് വേറെയുണ്ടോ? ഈശ്വരൻ്റെ ഖജാനയിലുള്ള കനിവിൻ്റെ നിധിശേഖരം ഈ വിനീതനുവേണ്ടിയും തുറക്കപ്പെടാതിരിക്കില്ല. പടച്ചതമ്ബുരാൻ പൊറുക്കുമായിരിക്കും. സ്നേഹനിധികളായ മികച്ച ഗുരുനാഥൻമാരുടെ ശിക്ഷണം പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്ബോള്‍ സ്മരിക്കാതിരിക്കാൻ ആവില്ല.
എല്ലാ അർത്ഥത്തിലും ധന്യമായ ജീവിതം. സഫലമായ ഒരു തീർത്ഥാടനം പോലെ. വെള്ളാരം കല്ലുകള്‍ നിറഞ്ഞ കാട്ടാറിലൂടെ തണുത്ത വെള്ളമായി ഇടക്കിടെ കളകള ശബ്ദമുണ്ടാക്കി ഒഴുകണം. എങ്ങുനിന്നോ കുത്തിയൊലിച്ച് വരുന്ന പുഴയുടെ മാറിനോട് ചേർന്ന് കടലിൻ്റെ ഉപ്പുരസമായി അലിയണം. ചിതലിന് ഭക്ഷണമായി മാറണം. നല്ലപാതി കുഞ്ഞിമോള്‍ക്ക് നാഥൻ ദീർഘായുസ്സ് നല്‍കട്ടെ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ. അവളാണ് ഞങ്ങളുടെ കുടുംബത്തിൻ്റെ നെടുംതൂണ്‍. മേല്‍ പറഞ്ഞതൊന്നും ഭംഗിവാക്കുകളല്ല. എൻ്റെ കരളാണ് നിൻ്റെ മുമ്ബില്‍ തുറന്നു വെച്ചത്. അതും ചെമ്ബരത്തിപ്പൂവാണെന്ന് പറയുന്നവരുണ്ടാകും. ആരുടെയും വായ മൂടിക്കെട്ടാൻ നമുക്കാവില്ലല്ലോ? "ദൈവം നോക്കുക നമ്മുടെ ഹൃദയത്തിലേക്കാണെന്ന്" പണ്ട് നമ്മള്‍ ക്ലാസ്സിലെ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചത് ഓർമ്മയില്ലെ! അതാണ് ഒരു സമാധാനം. എന്തൊക്കെ പുകിലുകള്‍ കഴിഞ്ഞു. എല്ലാം ജലരേഖയാണെന്ന് തെളിഞ്ഞല്ലോ?പണത്തോട് ആർത്തിയില്ലാത്തവന് ആരെപ്പേടിക്കാൻ? നമ്മുടെ ഉള്ള് പടപ്പുകള്‍ കണ്ടില്ലെങ്കിലും പടച്ചവൻ കാണുമെന്ന ഉറച്ച പ്രതീക്ഷയില്‍, നൻമകള്‍ നേർന്നുകൊണ്ട്,
സ്നേഹപൂർവ്വം
സ്വന്തം ജലീല്‍
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്