തിരുവനന്തപുരം: പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കാലങ്ങളിലേതുപോലെ മുഖ്യമന്ത്രിക്ക് കവചമൊരുക്കാന്‍ നേതാക്കള്‍ കാര്യമായി രംഗത്തിറങ്ങുന്നുമില്ല. ഇക്കാര്യത്തില്‍ സിപിഎം സൈബര്‍ പടയാളികളും മൗനത്തിലാണ്.
മാത്രമല്ല ചാനല്‍ ചര്‍ച്ചകള്‍ക്ക് പോലും സി.പി.എം നേതാക്കളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. മാധ്യമങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി സി.പി.എം സഹയാത്രികരേ എത്തുന്നുള്ളൂ. ആഭ്യന്തരവകുപ്പിനെ ഉന്നമിട്ടുള്ള വെളിപ്പെടുത്തലുകളില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് പാര്‍ട്ടി.
പി.ബി അംഗങ്ങളായ എം.എ ബേബിയും എ. വിജയരാഘവനുമൊക്കെ തൃശൂര്‍ ഒത്തുകളിവിവാദത്തില്‍ പ്രതികരിച്ചെങ്കിലും എ.ഡി.ജി.പിയുടെ കാര്യത്തില്‍ പ്രതിരോധത്തിന് മുതിര്‍ന്നില്ല. എ.കെ ബാലന്‍, സജി ചെറിയാന്‍, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ് എന്നിവരൊഴികെ മറ്റു മന്ത്രിമാരോ നേതാക്കളോ ആരുംതന്നെ പ്രതികരണത്തിനു മുതിര്‍ന്നില്ല.
ആര്‍.എസ്.എസ്.-എ.ഡി.ജി.പി. കൂടിക്കാഴ്ച ലഘൂകരിച്ചെന്ന് വിമര്‍ശനമുണ്ടായപ്പോള്‍ അതിലൊക്കെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും പാര്‍ട്ടിയുമായി കൂട്ടിക്കെട്ടേണ്ടെന്നും വ്യക്തമാക്കി എം.വി. ഗോവിന്ദന്‍ വിവാദങ്ങളുടെ ഉത്തരവാദിത്വവും പരിഹാരവുമൊക്കെ മുഖ്യമന്ത്രിയുടെ തലയില്‍വെച്ചുക്കെട്ടി പിന്‍വാങ്ങി.
പാര്‍ട്ടിയുടെ ഇന്നത്തെ പോക്കില്‍ അമര്‍ഷവും പ്രതിഷേധവും പ്രകടിപ്പിച്ചുള്ള പോസ്റ്റുകള്‍ സി.പി.എം. സൈബര്‍ ഗ്രൂപ്പുകളില്‍ നിറയുന്നുണ്ട്. മലപ്പുറത്തെ സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്റെ ഫെയസ്ബുക്ക് പോസ്റ്റാണ് ഒടുവിലത്തെ ചര്‍ച്ച. കുരുക്ഷേത്രയുദ്ധത്തില്‍ ഭീഷ്മപിതാമഹനെ വീഴ്ത്തിയത് ശിഖണ്ഡിയെ മുന്നില്‍നിര്‍ത്തിയാണ്. ജാഗ്രതൈ... എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. പുറത്ത് പെരുമഴപെയ്യുമ്പോള്‍ അഞ്ചെട്ടുപേര്‍ കമ്മിറ്റികൂടി വെയിലാണെന്നും കുടയുടെ ആവശ്യമില്ലെന്നും പ്രമേയം പാസാക്കിയാല്‍ അവസാനിക്കുന്നതല്ല മഴയും കെടുതികളുമെന്ന് വിമര്‍ശിച്ചുള്ള പോസ്റ്റുകളും സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചരിച്ചു. ചെപ്പടിവിദ്യകള്‍കൊണ്ടു മുറിവുകള്‍ ഉണങ്ങില്ലെന്നാണ് അംഗങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്