'രാജിവച്ച് ഒരിക്കല്‍കൂടി വാരണാസിയില്‍ മത്സരിക്കാമോ? തോറ്റാല്‍ ഞാന്‍ രാഷ്ട്രീയം നിര്‍ത്താം'; മോദിയെ വെല്ലുവിളിച്ച് അജയ് റായ്

JUNE 19, 2024, 12:25 AM

വാരണാസി: ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പിലെ അതിശയിപ്പിക്കുന്ന മത്സരഫലങ്ങളിലൊന്നായിരുന്നു ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ നടന്നത്. രാജ്യമൊട്ടുക്കും തന്റെ ' മോദി ഗാരന്റി'യും വ്യക്തിപ്രഭാവവും കൊണ്ട് ബി.ജെ.പിയെ ഗംഭീര ജയത്തിലേക്ക് നയിക്കുമെന്ന അവകാശവാദവുമായി മുന്നേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിറപ്പിച്ചുവിട്ടാണ് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായ അജയ് റായ് കീഴടങ്ങിയത്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഒരു ഘട്ടത്തില്‍ റായിക്ക് മുന്നില്‍ 6000 ലേറെ വോട്ടിന് പിന്നില്‍ നിന്ന മോദി ഒടുക്കം ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. മോദി പ്രഭാവം ഇന്ത്യയൊട്ടുക്കും ആഞ്ഞടിക്കുമെന്ന് വീമ്പു പറഞ്ഞ ബി.ജെ.പിക്ക് ലഭിച്ച കനത്ത പ്രഹരമായിരുന്നു വാരണാസിയില്‍ മോദിയുടെ കുറഞ്ഞ ഭൂരിപക്ഷം.

2019 ല്‍ മോദിക്കെതിരെ മത്സരിച്ചപ്പോള്‍ 4.79 ലക്ഷം വോട്ടിനാണ് അജയ് റായ് തോറ്റത്. ഇത്തവണ എതിരാളിയായി വീണ്ടും റായ് എത്തിയതോടെ ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വീരവാദം. പക്ഷേ, മോദിക്കു മുന്നില്‍ വിറയ്ക്കാന്‍ അജയ് ഒരുക്കമല്ലായിരുന്നു. കോണ്‍ഗ്രസിന്റെ ചലനാത്മകമായ സംഘടനാ സംവിധാനവും സമാജ്വാദി പാര്‍ട്ടിയുടെ കരുത്തുറ്റ പിന്തുണയും ചേര്‍ന്നതോടെ മോദിയുടെ ഭൂരിപക്ഷം 1.52 ലക്ഷമായി കുത്തനെ കുറയുകയായിരുന്നു.

ഹിന്ദി മേഖലയില്‍ ഇക്കുറി കോണ്‍ഗ്രസ് നടത്തിയ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായാണ് വാരണാസിയിലെ പോരാട്ടം വിലയിരുത്തപ്പെടുന്നത്. പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിച്ചിരുന്നുവെങ്കില്‍ മോദി പരാജയപ്പെടുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

മോദിയെ വിറപ്പിച്ചു കീഴടങ്ങിയ അജയ് റായ് പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയതാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. ധൈര്യമുണ്ടെങ്കില്‍ രാജിവെച്ച് വാരണാസിയില്‍ ഒരിക്കല്‍കൂ?ടി തനിക്കെതിരെ മത്സരിക്കാമോ എന്നാണ് മോദിയോട് അജയിന്റെ ചോദ്യം. ആ മത്സരത്തില്‍ മോദിയാണ് ജയിക്കുന്നതെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അജയ് റായ് പറയുന്നു.

'വാരണാസി സീറ്റ് രാജിവെച്ച് ഒന്നുകൂടി എനിക്കെതിരെ മത്സരത്തിനിറങ്ങാന്‍ ഞാന്‍ മോദിയെ വെല്ലുവിളിക്കുന്നു. അതിന് തയാറുണ്ടെങ്കില്‍ അദ്ദേഹത്തെ ഞാന്‍ തോല്‍പ്പിക്കുമെന്നുറപ്പ്. മോദിയാണ് ജയിക്കുന്നതെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സന്യാസത്തിന് പോകാന്‍ ഞാന്‍ ഒരുക്കമാണ്' ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അജയ് റായ് പറഞ്ഞു.

മാത്രമല്ല 2027ലെ നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും സഖ്യമായി മത്സരിക്കാനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam