ആലപ്പുഴ: അങ്കണവാടികളിലെ കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ പരിഹസിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്ന നടപടികൾ അനുവദിക്കില്ലെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പ് കർശന നിർദേശം നൽകി.
ഇത്തരം പെരുമാറ്റങ്ങൾ കുട്ടികളിൽ മാനസികാഘാതം സൃഷ്ടിക്കാമെന്നും അതിനാൽ ജീവനക്കാർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അങ്കണവാടി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും പ്രവർത്തകരുടെ പെരുമാറ്റം കൂടുതൽ ശിശുസൗഹൃദമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇരുപതോളം നിർദേശങ്ങൾ പുറത്തിറക്കിയത്.
ഓരോ കുട്ടിയും ശാരീരികമായും മാനസികമായും വ്യത്യസ്തരാണെന്നും, അവരുടെ വ്യക്തിസ്വഭാവം മനസ്സിലാക്കി പരിചരണം നൽകണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റമോ ക്രൂരമായ സമീപനമോ ഒരിക്കലും പാടില്ലെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.
അങ്കണവാടിയും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ജലസംഭരണികൾ കൃത്യമായി വൃത്തിയാക്കുക, കുട്ടികൾക്ക് ശൗചാലയ പരിശീലനം നൽകുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ശൗചാലയത്തിൽ പോകേണ്ട സാഹചര്യമുണ്ടായാൽ കുട്ടികളെ ഭയപ്പെടുത്തരുതെന്നും, അങ്കണവാടി കുട്ടികൾക്ക് വീടുപോലെ സുരക്ഷിതവും സൗഹൃദപരവുമായ ഇടമാകണമെന്നും നിർദേശത്തിൽ പറയുന്നു.
രക്ഷിതാക്കളുമായി സത്യസന്ധമായ ആശയവിനിമയം നടത്തുകയും പരാതികൾ ഉണ്ടായാൽ അടിയന്തര പരിഹാരം കാണുകയും വേണമെന്നും വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
