'പോത്തന്നൂർ എക്സ്പ്രസ്' നിർത്തലാക്കുന്നു; തെക്കൻ കേരളത്തിലെ യാത്രക്കാർക്ക് കനത്ത തിരിച്ചടി

JUNE 12, 2026, 10:57 PM

കൊല്ലം: വലിയ പ്രതീക്ഷകളോടെ ചെങ്കോട്ട പാത വഴി സർവീസ് ആരംഭിച്ച തിരുവനന്തപുരം - പോത്തന്നൂർ എക്സ്പ്രസ് തീവണ്ടി നിർത്തലാക്കുന്നു. തെക്കൻ കേരളത്തിൽ നിന്ന് പളനി വഴി കോയമ്പത്തൂരിലേക്കുള്ള ഏക സർവീസാണ് ആരംഭിച്ച ഉടൻ തന്നെ റെയിൽവേ നിർത്തലാക്കുന്നത്. പ്രത്യേക തീവണ്ടിയായി (Special Train) ഈ മാസം മൂന്നിന് സർവീസ് തുടങ്ങിയ ട്രെയിൻ വെറും രണ്ട് സർവീസുകൾ മാത്രമാണ് ഇതുവരെ നടത്തിയത്.

സാധാരണയായി ഇത്തരം സ്പെഷ്യൽ സർവീസുകൾ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് നീട്ടിനൽകുകയോ, പിന്നീട് സ്ഥിരം സർവീസുകളാക്കി മാറ്റുകയോ ചെയ്യാറുണ്ട്. എന്നാൽ ഈ ട്രെയിനിന്റെ കാര്യത്തിൽ രണ്ട് സർവീസിന് ശേഷം പെട്ടെന്ന് നിർത്തലാക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടേണ്ടിയിരുന്ന സർവീസായിരുന്നു ഇത്.

ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ 3.58-ന് പളനിയിലും രാവിലെ 6.45-ന് പോത്തന്നൂരിലും എത്തിച്ചേരുന്ന രീതിയിലായിരുന്നു ഇതിന്റെ സമയക്രമം. മുൻപ് മീറ്റർ ഗേജ് പാതയായിരുന്ന സമയത്ത് കൊല്ലം - പുനലൂർ - ചെങ്കോട്ട റെയിൽപ്പാതയിലൂടെ പളനി വഴി കോയമ്പത്തൂരിലേക്ക് ഉണ്ടായിരുന്ന ജനപ്രിയ സർവീസിന് പകരമായാണ് യാത്രക്കാർ ഈ പുതിയ വണ്ടിയെ കണ്ടത്.

vachakam
vachakam
vachakam

എന്നാൽ, നിലവിലെ സമയക്രമം യാത്രക്കാർക്ക് ഒട്ടും അനുയോജ്യമല്ലെന്ന പരാതി പരക്കെ ഉയർന്നിരുന്നു. വൈകുന്നേരങ്ങളിൽ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാവിലെ പളനിയിലെത്തുന്ന രീതിയിൽ സമയക്രമം പരിഷ്കരിച്ച് സർവീസ് നിലനിർത്തണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.

നിലവിൽ തെക്കൻ കേരളത്തിൽ നിന്ന് പളനിയിലേക്ക് പോകാൻ യാത്രക്കാർക്ക് ആശ്രയിക്കാവുന്ന ഏക ട്രെയിൻ അമൃത എക്സ്പ്രസ് മാത്രമാണ്. എന്നാൽ പാലക്കാട് വഴി ചുറ്റിപ്പോകുന്ന അമൃത എക്സ്പ്രസ് അടുത്തിടെ രാമേശ്വരത്തേക്ക് നീട്ടിയതോടെ ഇതിൽ ടിക്കറ്റ് ലഭിക്കാൻ വൻ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിൽ പുതിയ പോത്തന്നൂർ എക്സ്പ്രസ് സർവീസ് തുടരുന്നത് വലിയ ആശ്വാസമാകുമായിരുന്നു. ഈ സർവീസ് യാതൊരു കാരണവശാലും നിർത്തരുതെന്നും, സമയക്രമം മാറ്റി സർവീസ് തുടരണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനകളും റെയിൽവേ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam