വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: ബക്കാഡി കമ്പനിയെ സഹായിക്കാനെന്ന് പിണറായി വിജയന്‍; ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി

JUNE 30, 2026, 9:10 PM

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സ്വകാര്യ മദ്യലോബികളെയും ബക്കാഡി കമ്പനിയെയും സഹായിക്കാനാണ് ഈ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. 'മദ്യമൊഴുക്കാന്‍ നികുതിയിളവ്' എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്.

എന്നാല്‍, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം പ്രോത്സാഹിപ്പിക്കാന്‍ ചട്ട ഭേദഗതി വരുത്തിയത് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണെന്നും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നികുതിയാണ് കേരളത്തില്‍ നിശ്ചയിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ സഭയില്‍ മറുപടി നല്‍കിയിരുന്നു.

പ്രധാന ആരോപണങ്ങള്‍:

മദ്യക്കമ്പനികള്‍ക്ക് കോടികളുടെ ലാഭം: മദ്യ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ 600 കോടിയുടെ നികുതിയിളവ് നല്‍കി സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് സമൂഹത്തോടുള്ള കുറ്റകൃത്യമാണ്.

മിന്നല്‍ വേഗത്തിലുള്ള ഫയല്‍ നീക്കം: ജനതാത്പര്യം മുന്‍നിര്‍ത്തി 2023 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറ്റിവെച്ച ഫയലാണ് ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ പൊടിതട്ടിയെടുത്തത്. ഫയല്‍ നീക്കത്തിന് പിന്നില്‍ ബക്കാഡി കമ്പനിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. ഈ നീക്കത്തില്‍ എക്‌സൈസ് മന്ത്രി വെറുമൊരു കാഴ്ചക്കാരന്‍ മാത്രമാണ്.

തിരഞ്ഞെടുപ്പ് ഫണ്ട് പ്രത്യുപകാരം: നിയമസഭയില്‍ ധനബില്‍ പാസായാല്‍ പിന്നീട് യു.ഡി.എഫിന് തന്നെ ഇത് നിയമപരമായി തടയാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകത്തില്‍ നിന്ന് ഒഴുക്കിയ കള്ളപ്പണത്തിനുള്ള പ്രത്യുപകാരമായാണ് ഈ ധൃതിപിടിച്ച നടപടി.

മദ്യക്കമ്പനികളും തീരദേശം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന കുത്തകകളുമാണ് ഇന്ന് ടീം യു.ഡി.എഫിലെ സഖ്യകക്ഷികള്‍. നാടിനെ മദ്യത്തില്‍ മുക്കുന്ന ഈ അഴിമതിക്കെതിരെ ജനങ്ങള്‍ അണിചേരുമെന്ന് പിണറായി വിജയന്‍ ലേഖനത്തില്‍ വ്യക്തമാക്കി.

അതേസമയം പ്രതിപക്ഷ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, നിയമസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ ഇതിന് കൃത്യമായ മറുപടി നല്‍കിയിരുന്നു. വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തിയത് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്. അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന്റെ ഘട്ടത്തിലാണ് ബക്കാഡി കമ്പനിയുടെ അപേക്ഷയില്‍ ആദ്യമായി നീക്കം തുടങ്ങിയത്. തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് അന്ന് അനുമതി നല്‍കാതിരുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളിലെ നികുതി പരിശോധിച്ചാണ് കേരളത്തില്‍ പുതിയ നിരക്ക് നിശ്ചയിച്ചത്. ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇപ്പോഴും ഉയര്‍ന്ന നികുതി തന്നെയാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. വീര്യം കുറഞ്ഞ മദ്യം വില്‍ക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ യു.ഡി.എഫ് മുന്നണിയില്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോ ആല്‍ക്കഹോളിക് ബിവറേജ് വിഭാഗത്തില്‍ (ബിയറും വൈനും ഒഴികെ) 0.5% മുതല്‍ 10% വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും, 10% മുതല്‍ 20% വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവുമാണ് ബജറ്റില്‍ വില്‍പന നികുതിയായി നിശ്ചയിച്ചിട്ടുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam