സർക്കാർ ബോർഡിലും ഇനി ‘സുമതി വളവ്’; പ്രേതക്കഥകളിലൂടെ പ്രശസ്തമായ സ്ഥലത്തിന് ഔദ്യോഗിക അംഗീകാരം

JUNE 11, 2026, 6:40 AM

തിരുവനന്തപുരം: പ്രേതക്കഥകളും യക്ഷിക്കഥകളും കൊണ്ട് പതിറ്റാണ്ടുകളായി ജനശ്രദ്ധ നേടിയ തിരുവനന്തപുരം ജില്ലയിലെ സുമതി വളവിന് ഒടുവിൽ ഔദ്യോഗിക അംഗീകാരം. പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) സ്ഥലത്ത് ‘സുമതി വളവ്’ എന്ന പേരിൽ ബോർഡ് സ്ഥാപിച്ചതോടെയാണ് വർഷങ്ങളായി നാട്ടുകാർ വിളിച്ചിരുന്ന പേര് സർക്കാർ രേഖകളിലും ഇടംപിടിച്ചത്.

നെടുമങ്ങാടിനടുത്ത് പാലോട്–കല്ലറ റൂട്ടിലുള്ള ഒരു വളവാണ് സുമതി വളവ് എന്ന പേരിൽ അറിയപ്പെടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സുമതി വളവ് സിനിമയിലൂടെ ഈ സ്ഥലം കൂടുതൽ ശ്രദ്ധനേടിയിരുന്നു. പലരും സുമതി വളവ് കാണാനെത്തിയിരുന്നെങ്കിലും കൃത്യമായി ഏത് വളവാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് പേരെഴുതിയ ബോർഡ് സ്ഥാപിച്ചത്.

1953 ജനുവരി 27-ന് നടന്ന ഒരു കൊലപാതക സംഭവവുമായി ബന്ധപ്പെട്ടാണ് സുമതി വളവിന്റെ കഥ ആരംഭിക്കുന്നത്. പ്രദേശവാസിയായ 19-കാരി സുമതി ഒരു മലഞ്ചരക്ക് വ്യാപാരിയുടെ വീട്ടിൽ ജോലി ചെയ്തിരുന്നു. വ്യാപാരിയുടെ മകൻ രത്നാകരനുമായി സുമതി പ്രണയത്തിലായതായും പിന്നീട് സുമതി ഗർഭിണിയായതിനെ തുടർന്ന് വിവാഹം ആവശ്യപ്പെട്ടതായുമാണ് പറയപ്പെടുന്നത്.

vachakam
vachakam
vachakam

ഉത്സവം കാണിക്കാമെന്ന് പറഞ്ഞ് രത്നാകരനും സുഹൃത്തും ചേർന്ന് സുമതിയെ കാറിൽ കൊണ്ടുപോയി. പാലോടിനടുത്തുള്ള മൈലമൂട് വനമേഖലയിലെത്തിച്ച ശേഷം യുവതിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്ന് ദിവസത്തിന് ശേഷം ഈറ്റ വെട്ടാൻ പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ രത്നാകരനെയും കൂട്ടുപ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഇരുവർക്കും ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു.

ഈ സംഭവത്തിന് ശേഷമാണ് കൊലപാതകം നടന്ന പ്രദേശം ‘സുമതി വളവ്’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. തുടർന്ന്, രാത്രിയിൽ വെള്ള സാരി ധരിച്ച യുവതിയെ ഇവിടെ കാണാറുണ്ടെന്നും വാഹനയാത്രക്കാരെ ഭയപ്പെടുത്താറുണ്ടെന്നും നിരവധി കഥകൾ പ്രചരിച്ചു. അപകടങ്ങളും വാഹന തകരാറുകളും ഈ കഥകൾക്ക് കൂടുതൽ പ്രചാരം നൽകുകയും ചെയ്തു.

എന്നാൽ ഇതെല്ലാം ജനങ്ങൾക്കിടയിൽ പ്രചരിച്ച കഥകൾ മാത്രമാണെന്നും, അതിന് യാതൊരു തെളിവുകളുമില്ലെന്നും പ്രദേശവാസികൾ പറയുന്നു. പിന്നീട് റോഡ് വികസനവും വളവ് വീതികൂട്ടലും നടന്നതോടെ അപകടങ്ങൾ കുറഞ്ഞതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

എന്തായാലും, വർഷങ്ങളായി ഐതിഹ്യങ്ങളുടെയും കഥകളുടെയും ഭാഗമായിരുന്ന സുമതി വളവ് ഇപ്പോൾ സർക്കാർ സ്ഥാപിച്ച ബോർഡിലൂടെ ഔദ്യോഗികമായി അടയാളപ്പെടുത്തിയിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam