തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യവല്‍ക്കരണം നടപ്പാക്കുമെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തള്ളി. ഒന്നും സ്വകാര്യവല്‍ക്കരിക്കില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റില്‍ ഒരിടത്തും സ്വകാര്യവല്‍ക്കരണത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും, ബജറ്റില്‍ ഇല്ലാത്ത കാര്യങ്ങളാണ് പുറത്തു ചര്‍ച്ചയാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയ്ക്ക് മറുപടി നല്‍കുന്നതിനിടെയായിരുന്നു പ്രതികരണം.
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. കരിമണല്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് താന്‍ എവിടെയാണ് പറഞ്ഞതെന്ന് ചോദിച്ച അദ്ദേഹം, ബജറ്റ് പ്രസംഗം വീണ്ടും വായിച്ചുകാട്ടിയ ശേഷമാണ് വിശദീകരണം നല്‍കിയത്. “ഇതില്‍ എവിടെയാണ് സ്വകാര്യവല്‍ക്കരണം? ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. യു-ടേണ്‍ എടുക്കില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. കേന്ദ്രവും കേരളവും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്,” എന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
ഭാവി കേരളത്തെ കെട്ടിപ്പടുക്കാനാണ് വിവിധ പദ്ധതികള്‍ രൂപപ്പെടുത്തിയതെന്നും, ശ്രദ്ധേയമായ തുടക്കങ്ങള്‍ സര്‍ക്കാരിന് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ധവളപത്രം രാഷ്ട്രീയ വിമര്‍ശനം അല്ലെന്നും, അതിലുള്ളത് ആധികാരിക വിവരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ലോകം മാറുന്നതിനനുസരിച്ച് കേരളത്തിന്റെ സാധ്യതകള്‍ പരിശോധിച്ചാണ് ബജറ്റ് തയ്യാറാക്കിയത്. കേരളത്തിന് ദിശാബോധം നല്‍കുന്ന ബജറ്റാണ് പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ബജറ്റില്‍ പ്രതിഫലിക്കുന്നുണ്ട്. നടപ്പാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്,” എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ധനകാര്യാവസ്ഥയെക്കുറിച്ചും വി.ഡി. സതീശന്‍ വിശദീകരിച്ചു. നികുതി വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി ചെലവാകുകയാണ്. ശേഷിക്കുന്ന 23 ശതമാനം ഉപയോഗിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ജനങ്ങളുടെ മേല്‍ അധിക നികുതി ഭാരം ചുമത്താതെ ഖജനാവ് നിറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ചുകൊണ്ടായിരിക്കും അത് സാധ്യമാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
