തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനും പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കാനും ലക്ഷ്യമിട്ട് എം.വി.ഡി സേവാ കേന്ദ്രങ്ങള്‍ വരുന്നു. പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ വിജയകരമായ മാതൃക പിന്തുടര്‍ന്ന് സംസ്ഥാനത്ത് പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഗതാഗത കമ്മിഷണര്‍ നാഗരാജു ചകിലം സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു.
ഓണ്‍ലൈന്‍ അപേക്ഷകളിലെ സങ്കീര്‍ണതകള്‍ മുതലെടുത്ത് ഏജന്റുമാരും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന വന്‍ സാമ്പത്തിക ചൂഷണത്തിന് ഇതോടെ അന്ത്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്താണ് എം.വി.ഡി സേവാ കേന്ദ്രങ്ങള്‍?
മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന്‍, സാരഥി എന്നീ സോഫ്റ്റ്‌വെറുകള്‍ വഴി വിവിധ അപേക്ഷകള്‍ കൃത്യതയോടെ സമര്‍പ്പിക്കാന്‍ പൊതുജനങ്ങളെ സഹായിക്കുന്ന ഔദ്യോഗിക കേന്ദ്രങ്ങളായിരിക്കും ഇവ. ഐ.ടി മിഷന്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവയുടെ സഹായത്തോടെയോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയോ ഇവ സ്ഥാപിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും മറ്റ് സേവനങ്ങള്‍ക്കും സര്‍ക്കാര്‍ തന്നെ കൃത്യമായ നിരക്കുകള്‍ നിശ്ചയിക്കും. അധിക തുക ഈടാക്കാന്‍ കഴിയില്ല. അപേക്ഷകരുടെ തിരക്ക് കൂടുതലുള്ള തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആദ്യം നടപ്പിലാക്കും.
പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന പ്രധാന സൗകര്യങ്ങള്‍
പുതിയ സേവാ കേന്ദ്രങ്ങള്‍ നിലവില്‍ വരുന്നതോടെ ആര്‍.ടി.ഒ ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ സുതാര്യമായ സേവനങ്ങള്‍ ലഭ്യമാകും. നീണ്ട ക്യൂ ഒഴിവാക്കാന്‍ ഡിജിറ്റല്‍ ടോക്കണും അത്യാധുനിക കാത്തിരിപ്പ് കേന്ദ്രങ്ങളും സജ്ജമാക്കും. ഇ-ചെല്ലാന്‍ വഴിയുള്ള ഗതാഗത നിയമ ലംഘനങ്ങളുടെ പിഴയടക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ പണമിടപാടുകളും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കും. സോഫ്റ്റ്‌വെയറുകളില്‍ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും കേന്ദ്രങ്ങളിലുണ്ടാകുക. ഇത് അപേക്ഷകളിലെ പിഴവുകള്‍ ഇല്ലാതാക്കും.
ഈ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പൊതുജനങ്ങള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനും ഒരുപോലെ നിരവധി നേട്ടങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം, ആര്‍.ടി.ഒ ഓഫീസുകളുമായി ബന്ധപ്പെട്ട ഇടനിലക്കാരുടെ സാമ്പത്തിക ചൂഷണം പൂര്‍ണ്ണമായും അവസാനിക്കും. സേവനങ്ങള്‍ കൃത്യസമയത്ത്, വൈകല്‍ കൂടാതെ ലഭ്യമാകുമെന്നതാണ് മറ്റൊരു പ്രധാന മെച്ചം. കൂടാതെ, വിദഗ്ദ്ധരായ ജീവനക്കാര്‍ അപേക്ഷകള്‍ തയ്യാറാക്കുന്നതിനാല്‍ ഓണ്‍ലൈന്‍ അപേക്ഷകളില്‍ സാധാരണയായി സംഭവിക്കാറുള്ള പിഴവുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും സാധിക്കും.
മറുഭാഗത്ത്, മോട്ടോര്‍ വാഹന വകുപ്പിനെ സംബന്ധിച്ച് ആര്‍.ടി.ഒ ഓഫീസുകളില്‍ അനുഭവപ്പെടാറുള്ള അമിതമായ തിരക്ക് ഗണ്യമായി കുറയ്ക്കാന്‍ ഇത് സഹായിക്കും. അപേക്ഷകള്‍ കൃത്യതയോടെ നേരിട്ട് സിസ്റ്റത്തിലേക്ക് എത്തുന്നതിനാല്‍ ഓഫീസുകളിലെ ജീവനക്കാരുടെ ജോലിഭാരം വലിയൊരു പരിധി വരെ കുറയുകയും ചെയ്യും.
സംസ്ഥാനത്ത് നിലവില്‍ 1.90 കോടിയിലധികം വാഹനങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന വകുപ്പുകളിലൊന്നാണിത്. സേവനങ്ങള്‍ ഓണ്‍ലൈനായെങ്കിലും അപേക്ഷകളിലെ സങ്കീര്‍ണത മുതലെടുത്ത് ഇടനിലക്കാരും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് ജനങ്ങളെ വലയ്ക്കുന്നുണ്ട്. പുതിയ സേവാ കേന്ദ്രങ്ങള്‍ വഴി ഈ അവിശുദ്ധ കൂട്ടുകെട്ട് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയും.
സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ വേഗത്തില്‍ ആരംഭിക്കുമെന്നാണ് സൂചന. ഇതോടെ ആര്‍.ടി.ഒ ഓഫീസുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും ജനസൗഹൃദവുമായി മാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
