സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ

JULY 1, 2026, 8:06 AM

തിരുവനന്തപുരം : പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. അതേസമയം ചെറിയ ചികിത്സാ പിഴവുപോലും ഉണ്ടാകാതിരിക്കാനുള്ള  ജാഗ്രത  ഡോക്ടർമാർക്ക് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ മേഖലയിലെ മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോ തുടങ്ങിയ വിഭാഗങ്ങളെ ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ്  മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ  ഓഫീസിലാണ് സംഘടനാ പ്രതിനിധികളുമായി പ്രത്യേകം ചർച്ച നടത്തിയത്. ഡോക്ടർമാരുടെ ട്രെയിനിംഗ് കലണ്ടർ മുൻകൂട്ടി തയ്യാറാക്കി കാര്യക്ഷമമായി നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

തയ്യാറെടുപ്പില്ലാതെ ട്രെയിനിംഗ് പെട്ടന്ന് നിശ്ചയിക്കുന്നതും വിവിധ ജില്ലകളിലെ ഡോക്ടർമാർ പുറപ്പെട്ട ശേഷം അത് റദ്ദാക്കുന്നതും കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ  സംഘടനാ പ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഇക്കാര്യം അനുഭാവപൂർവം പരിഗണിച്ചത്.

vachakam
vachakam
vachakam

ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിലെ ചികിത്സകൾക്ക് ഏകീകൃത സ്വഭാവമുണ്ടാകണമെന്നും ഇതിനായി ആശുപത്രികളെ സ്റ്റാന്റഡൈസ് ചെയ്യണമെന്ന് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ഭാരവാഹികൾ ആവശ്യപ്പെട്ടു. തിരക്കുള്ള ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളിൽ രണ്ട് മെഡിക്കൽ ഓഫീസറർമാരെ നിയോഗിക്കണമെന്ന ഡോക്ടർമാരുടെ ആവശ്യവും പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.

കൂടുതൽ സൈക്യാട്രിസ്റ്റുകളെയും  ഫോറൻസിക് സർജൻമാരെയും താഴേതട്ടിൽ നിയമിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

ആശുപത്രികളിലെ മുതിർന്ന സ്‍പെഷ്യലിസ്റ്റ് ഡോക്ടർമാരെ സൂപ്രണ്ടുമാരാക്കണമെന്നും സ്‍പെഷ്യലിസ്റ്റ് ഡോക്ടർമാർക്കായി ഡയറക്ടർ തസ്തിക വേണമെന്നും കേരള ഗവ.സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ (കെ.ജി.എസ്.ഡി.എ) പ്രതിനിധികൾ ഉന്നയിച്ചു.

vachakam
vachakam
vachakam

മെഡിക്കൽ കോളേജ് ഡോക്ടർമാരോട് കഴിഞ്ഞ സർക്കാർ സ്വീകരിച്ച നടപടികളും ഇനിയും ലഭിക്കാനുള്ള ശമ്പള കുടിശികയ്ക്ക് വേണ്ടി നടത്തിയ സമരങ്ങളെ കുറിച്ചും  കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) പ്രതിനിധികൾ വിശദീകരിച്ചു.

മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ നിയമനം വേഗത്തിലാക്കാൻ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.  മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണാവകാശം നൽകണമെന്ന ആവശ്യം പരിശോധിച്ച് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

വയനാട്, ഇടുക്കി,കാസർകോട് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കാര്യക്ഷമാക്കാനുള്ള നിർദ്ദേശങ്ങൾ മന്ത്രി സംഘടനാ പ്രതിനിധികളോട് തേടി.  ജീവനക്കാരുടെ വിന്യാസത്തിന് ഉൾപ്പെടെ ന്യായമായ എല്ലാ തീരുമാനങ്ങൾക്കും സംഘടന ഒപ്പമുണ്ടാകുമെന്ന് പ്രതിനിധികൾ പറഞ്ഞു. ആയുർവേദ മേഖലയുടെ ഉന്നമനത്തിനായി 2016ൽ ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച ആയുഷ് ഹെൽത്ത് പോളിസി നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് ഗവ.ആയൂർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. ആയുർവേദ രംഗത്ത് ഗവേഷണങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ നിർദ്ദേശിച്ചു. ഹോമിയോപതി നഴ്സിംഗ് കോഴ്സ് വേണമെന്ന കേരള ഗവ.ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എച്ച്.എം.ഒ.എ) ഭാരവാഹികളുടെ ആവശ്യം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലെ ചികിത്സയ്ക്ക് കാരുണ്യ ഉൾപ്പെടെയുള്ള ഇൻഷ്വറൻസ് പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.  അഖിലകേരള ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന, കേരള സ്റ്റേറ്റ് ഗവ.ആയുർവേദ സ്‍പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, നഴ്സുമാരെ പ്രതിനിധീകരിച്ച്  കേരള ഗവ.നഴ്സസ് യൂണിയൻ ഭാരവാഹികളുമായും മന്ത്രി  ചർച്ച നടത്തി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam