മലപ്പുറം: 23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിനിടെ ചികിത്സാപിഴവ് സംഭവിച്ചെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിക്കും ചികിത്സ നടത്തിയ ഡോക്ടർക്കുമെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. മലപ്പുറം പെരുമ്പടപ്പിലെ ഒരു സ്വകാര്യ ആശുപത്രിയെയാണ് പിഴ നൽകേണ്ടത്.
2018 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചേലാകർമ്മത്തിന് പിന്നാലെ കുഞ്ഞിന് ഗുരുതരമായ അണുബാധയും പഴുപ്പും ബാധിച്ചതിനെ തുടർന്ന് തുടർചികിത്സയ്ക്കായി തൃശൂരിലെ അമല ആശുപത്രിയിലും ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിക്കേണ്ടിവന്നു.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ചേലാകർമ്മം നടത്തിയ ആശുപത്രിയിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ടായിരുന്നുവെന്നും ചികിത്സ നിർവഹിച്ച ഡോക്ടർക്ക് മതിയായ പരിചയസമ്പത്ത് ഇല്ലായിരുന്നുവെന്നും കണ്ടെത്തിയതായി കമ്മീഷൻ വിലയിരുത്തി.
സംഭവത്തെ തുടർന്ന് കുഞ്ഞിന് ജീവിതകാലം മുഴുവൻ ആരോഗ്യപ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുമെന്ന കാര്യം പരിഗണിച്ചാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്.
ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം നഷ്ടപരിഹാര തുക നൽകണം. നിർദേശിച്ച സമയപരിധിക്കുള്ളിൽ തുക നൽകാത്ത പക്ഷം വാർഷിക 9 ശതമാനം പലിശ സഹിതം നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
