മൂല്യനിര്‍ണയത്തില്‍ വന്‍ ക്രമക്കേട്: ആസൂത്രണ ബോര്‍ഡ് റാങ്ക് പട്ടിക റദ്ദാക്കാന്‍ കമ്മീഷന്‍ തീരുമാനം; സമഗ്ര അന്വേഷണത്തിന് വിജിലന്‍സ്

JUNE 29, 2026, 9:57 PM

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് നിലവിലെ റാങ്ക് പട്ടിക റദ്ദാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. അഡീഷണല്‍ സെക്രട്ടറി പദവിക്ക് തുല്യമായ ചീഫ് (ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍), ചീഫ് (പ്ലാനിംഗ് കോ-ഓര്‍ഡിനേഷന്‍) ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് നടത്തിയ പരീക്ഷയിലാണ് വ്യാപക അട്ടിമറി ആരോപണം ഉയര്‍ന്നത്.

പരീക്ഷ എഴുതിയ 228 ഉദ്യോഗാര്‍ത്ഥികളുടെയും ഉത്തരക്കടലാസുകളില്‍ ഒരു നിശ്ചിത ഭാഗം മൂല്യനിര്‍ണയം നടത്താതെയാണ് പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതും നിയമന ശുപാര്‍ശ നല്‍കിയതും. സംഭവം വിവാദമായതോടെ പിഎസ്സി ആഭ്യന്തര വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ അന്വേഷണത്തില്‍, സംഭവിച്ചത് സാങ്കേതിക പിഴവാണോ അതോ ബോധപൂര്‍വമായ അട്ടിമറിയാണോ എന്ന് പരിശോധിക്കും. ഇതോടൊപ്പം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവുകള്‍ക്ക് വിധേയമായി മാത്രമേ ഇനി തുടര്‍ന്നുള്ള നിയമനങ്ങള്‍ ഉണ്ടാകൂ എന്ന് വ്യക്തമാക്കി കമ്മീഷന്‍ ഒന്നാം റാങ്കുകാര്‍ക്ക് കത്തയച്ചിട്ടുണ്ട്.

ആസൂത്രണ ബോര്‍ഡ് നിയമനങ്ങളിലെ ക്രമക്കേട് പുറത്തുവന്നതോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പിഎസ്സി നടത്തിയ പ്രമുഖ പരീക്ഷകളുടെ സുതാര്യതയും ചോദ്യം ചെയ്യപ്പെടുകയാണ്. ഇതോടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്), ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങിയ തസ്തികകളുടെ റാങ്ക് പട്ടികകള്‍ക്കെതിരെ മുന്‍പ് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പുതിയ സംഭവം കൂടുതല്‍ ബലം നല്‍കുന്നു.

എഴുത്തുപരീക്ഷയുടെ മാര്‍ക്കുകള്‍ പുറത്തുവിടുന്നതിന് മുന്‍പ് തന്നെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചില സ്വാധീനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി അഭിമുഖത്തില്‍ ബോധപൂര്‍വം മാര്‍ക്ക് വാരിക്കോരി നല്‍കിയെന്ന പരാതി മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ജൂണ്‍ 18 ന് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് നടത്തിയ പരീക്ഷയിലും വലിയ അപാകതകള്‍ ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. ഉദ്യോഗാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കാതെ സിലബസും മാര്‍ക്ക് വെയിറ്റേജും മാറ്റിയതിനൊപ്പം, 100-ല്‍ 54 ചോദ്യങ്ങളുടെയും ശരിയുത്തരം ഒരേ ഓപ്ഷന്‍ ആയി വന്നത് കടുത്ത സംശയങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

പരീക്ഷയില്‍ മൂന്നാം റാങ്ക് ലഭിച്ച ഉദ്യോഗാര്‍ത്ഥി വിവരാവകാശ പ്രകാരം തന്റെ ഉത്തരക്കടലാസിന്റെ പകര്‍പ്പ് വാങ്ങി പരിശോധിച്ചപ്പോഴാണ് 100 മാര്‍ക്കിന്റെ പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടുകളഞ്ഞതായി കണ്ടെത്തിയത്. ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ ഈ ചോദ്യങ്ങള്‍ അസൈന്‍ ചെയ്യാന്‍ വിട്ടുപോയെന്നാണ് പിഎസ്സിയുടെ പ്രാഥമിക വിശദീകരണം. എന്നാല്‍ ഈ പിഴവ് തിരുത്താതെ, ഇടത് അനുകൂല സംഘടനയിലെ അംഗമായ ഒന്നാം റാങ്കുകാരന് അതിവേഗം നിയമന ശുപാര്‍ശ നല്‍കിയതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

നിലവില്‍ പരീക്ഷയെഴുതിയ 228 പേരുടെയും ഉത്തരക്കടലാസുകള്‍ പൂര്‍ണ്ണമായി പുനര്‍മൂല്യനിര്‍ണയം നടത്തി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് പിഎസ്സി തീരുമാനം. എങ്കിലും, ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഉറ്റുനോക്കുന്ന പിഎസ്സി പരീക്ഷകളുടെ വിശ്വാസ്യതയ്ക്ക് ഈ സംഭവം കടുത്ത മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam