മലപ്പുറം: കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണം പൊട്ടിക്കൽ കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ സ്വർണം കൊണ്ടുവന്നത് നേരത്തെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്ത മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കേസിൽ കണ്ണൂരിലെ കുപ്രസിദ്ധ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളവരുടെ പങ്കും പൊലീസ് പരിശോധിച്ചുവരികയാണ്. യഥാർത്ഥ ഉടമയ്ക്ക് സ്വർണം കൈമാറാതെ മറ്റൊരാൾക്ക് കൈമാറുന്നതിനായി സൽമാനെ പ്രേരിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് പ്രതിഫലമായി വൻ തുക വാഗ്ദാനം ചെയ്തതായും പൊലീസ് സംശയിക്കുന്നു.
എന്നാൽ സ്വർണം വാഗ്ദാനം ചെയ്ത സംഘത്തിന് കൈമാറാതെ, പരപ്പനങ്ങാടി സ്വദേശിയുടെ നിർദേശപ്രകാരം നിലമ്പൂർ സ്വദേശിക്കാണ് സൽമാൻ സ്വർണം കൈമാറിയത്. തുടർന്ന് എറണാകുളത്തെ ഒരു മുറിയിൽ വച്ച് ട്രോളി ബാഗ് പൊട്ടിച്ച് അതിനുള്ളിലെ സ്വർണം പങ്കിട്ടെടുത്തതായാണ് അന്വേഷണത്തിൽ വ്യക്തമായത്.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് സൽമാൻ സാലിഹിനെയും സാദിഖിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വർണം കൈപ്പറ്റിയ മറ്റ് പ്രതികളെയും കള്ളക്കടത്ത് സ്വർണത്തിന്റെ ശേഷിച്ച ഭാഗവും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം പൊട്ടിക്കൽ സംഘങ്ങൾ വീണ്ടും സജീവമാകുന്നതായും അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. സ്വർണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും ഉയർന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സ്വർണം കടത്തിക്കൊണ്ടുവരുന്നത് കൂടുതൽ ലാഭകരമായതിനാലാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം വർധിക്കുന്നതെന്നാണ് വിലയിരുത്തൽ.
ഞായറാഴ്ചയാണ് അസ്വാഭാവികമായി പെരുമാറിയ സംഘത്തെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേ ദിവസമാണ് വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സൽമാൻ സാലിഹിനെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണമാണ് കേസിലെ പുതിയ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
