ഡൽഹി: ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ ഉണ്ടാകുമെന്ന് സൂചന നൽകി ചീഫ് ജസ്റ്റിസ്. ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധ്ഗയ കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് നിർണായക പരാമർശം നടത്തിയത്.
ശബരിമല കേസിലെ വിധി പുറത്തുവന്നതിന് ശേഷം ബോധ്ഗയ കേസ് പരിഗണിച്ചാൽ മതിയെന്ന് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ശബരിമല കേസിൽ വിധി ഒക്ടോബറിൽ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ബോധ്ഗയ കേസുമായി ബന്ധപ്പെട്ട ഹർജി ഒക്ടോബർ ആറിന് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെച്ച ശബരിമല യുവതീപ്രവേശന കേസിലാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധി പറയാനിരിക്കുന്നത്. സ്ത്രീകളുടെ ആരാധനാ അവകാശം, മതസ്വാതന്ത്ര്യം, ഭരണഘടനാ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിർണായക നിയമപ്രശ്നങ്ങളാണ് കേസിൽ പരിഗണിക്കുന്നത്.
ശബരിമല കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി സമാനമായ നിരവധി കേസുകളെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ സുപ്രീംകോടതിയുടെ തീരുമാനത്തിലേക്ക് വലിയ ആകാംക്ഷയോടെയാണ് നിയമലോകവും വിവിധ മത-സാമൂഹിക സംഘടനകളും ഉറ്റുനോക്കുന്നത്.
വിധി സംബന്ധിച്ച് ചീഫ് ജസ്റ്റിസിന്റെ പരാമർശം വന്നതോടെ വർഷങ്ങളായി നീണ്ടുനിൽക്കുന്ന ശബരിമല നിയമപോരാട്ടത്തിന് ഉടൻ നിർണായക വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയും ശക്തമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
