കണ്ണൂർ: കെ.എസ്.ആർ.ടി.സി.യുടെ സംസ്ഥാനതല വനിതാ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കണ്ണൂർ ഡിപ്പോയിലെ ഉദ്ഘാടന ചടങ്ങിലേക്ക് കോർപ്പറേഷൻ മേയറെ ക്ഷണിക്കാതിരുന്നത് വിവാദമാകുന്നു.
പ്രോട്ടോക്കോൾ ലംഘനം ആരോപിച്ച് വനിത കൂടിയായ കണ്ണൂർ മേയർ പി. ഇന്ദിര രംഗത്തെത്തി. തിങ്കളാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ നിന്ന് മേയറെ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. ചടങ്ങിൽ കണ്ണൂർ എം.എൽ.എ. ടി.ഒ. മോഹനൻ ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപകാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്.
താൻ പരിപാടി ബോധപൂർവ്വം ബഹിഷ്കരിച്ചതല്ലെന്നും ഔദ്യോഗികമായി ക്ഷണിക്കാത്തതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും മേയർ പി. ഇന്ദിര വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ഔദ്യോഗികമായി പരാതി നൽകുമെന്നും അവർ അറിയിച്ചു.
"ഞായറാഴ്ച രാത്രി വൈകി ആരോ ഒരാൾ ഫോണിൽ വിളിച്ച് സോറി പറഞ്ഞു. അത് ആരാണെന്ന് പോലും വ്യക്തമല്ല. തന്നെ അപമാനിക്കുന്ന തരത്തിലുള്ള ഔദ്യോഗിക പോസ്റ്ററാണ് ലഭിച്ചത്. നഗരത്തിലെ പ്രഥമ പൗരയായ തന്നെ ഒഴിവാക്കി തയ്യാറാക്കിയ പോസ്റ്റർ നേരത്തെ കണ്ടിട്ടും ബന്ധപ്പെട്ടവർ ആരും പ്രതികരിച്ചില്ല," മേയർ കുറ്റപ്പെടുത്തി.
മുൻപ് പ്രതിപക്ഷത്തായിരുന്നപ്പോൾ പോലും പദവിയുടെ ബഹുമാനവും പരിഗണനയും ലഭിച്ചിരുന്നുവെന്ന് മേയർ ഓർമ്മിപ്പിച്ചു. ഡെപ്യൂട്ടി മേയർ ആയിരുന്ന കാലത്ത് പോലും സർക്കാർ പരിപാടികളിൽ പ്രോട്ടോക്കോൾ അനുസരിച്ചുള്ള സ്ഥാനം ലഭിച്ചിരുന്നു. സംസ്ഥാന വ്യാപകമായി സ്ത്രീകൾക്കായി നടപ്പാക്കുന്ന ഇത്രയും വലിയൊരു പദ്ധതിയുടെ ഉദ്ഘാടനമായിട്ടും, നഗരത്തിൽ ഒരു വനിതാ മേയർ ഉണ്ടായിട്ടും അർഹമായ പരിഗണന നൽകാതിരുന്നത് പ്രതിഷേധാർഹമാണ്.
കേരളത്തിലെ മറ്റ് കോർപ്പറേഷനുകളിലെല്ലാം തിങ്കളാഴ്ച നടന്ന ഉദ്ഘാടന ചടങ്ങുകളിൽ മേയർമാർക്ക് കൃത്യമായ പ്രാധാന്യവും സ്ഥാനവും നൽകിയിരുന്നു. കണ്ണൂരിൽ മാത്രം എന്തുകൊണ്ടാണ് ഇത്തരമൊരു അവഗണന ഉണ്ടായതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
