തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളും നീക്കം ചെയ്ത സംഭവം എഐ സോഫ്റ്റ്വെയര്‍ അപ്ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതിക പിഴവാണെന്ന് വ്യക്തമാക്കി മെറ്റ. ആരുടെയും നിര്‍ദേശപ്രകാരമല്ല പോസ്റ്റുകള്‍ നീക്കം ചെയ്തതെന്നും കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാന രീതിയില്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മെറ്റയുടെ ഇന്ത്യയിലെ നോഡല്‍ ഓഫീസര്‍ കേരള പോലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തെ ഔദ്യോഗികമായി അറിയിച്ചു.
നിലവില്‍ സാങ്കേതിക തകരാര്‍ പൂര്‍ണ്ണമായി പരിഹരിച്ചതായും നീക്കം ചെയ്യപ്പെട്ട എല്ലാ പോസ്റ്റുകളും പുനസ്ഥാപിച്ചതായും കമ്പനി വ്യക്തമാക്കി. പോസ്റ്റുകള്‍ നീക്കം ചെയ്തതിന് പിന്നില്‍ സര്‍ക്കാരും മുഖ്യമന്ത്രിയുമാണെന്ന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയതിനെ തുടര്‍ന്ന് കേരള പോലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിങ് മെറ്റയോട് അടിയന്തര വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പോലീസ് സൈബര്‍ വിഭാഗവും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ വിമര്‍ശന സ്വഭാവമുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടാറില്ലെന്നും വ്യക്തിപരമായ അവഹേളനങ്ങളും അശ്ലീല സ്വഭാവമുള്ളതുമായ ഉള്ളടക്കങ്ങള്‍ മാത്രമാണ് നീക്കാന്‍ ആവശ്യപ്പെടാറുള്ളതെന്നും പോലീസ് വിശദീകരിച്ചു. വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശനും രംഗത്തെത്തി. വാര്‍ത്തകള്‍ നീക്കം ചെയ്യിക്കാന്‍ തനിക്ക് മെറ്റയില്‍ യാതൊരു സ്വാധീനവുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വേണമെങ്കില്‍ വിഷയത്തില്‍ മെറ്റയ്ക്ക് കത്തെഴുതാന്‍ തയ്യാറാണെന്നും അറിയിച്ചു. തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജായ 'CMO Kerala' ലഭ്യമാക്കിത്തരാന്‍ റിക്വസ്റ്റ് നല്‍കിയിട്ട് രണ്ടു മാസമായിട്ടും മെറ്റ അത് ശരിയാക്കി നല്‍കിയിട്ടില്ലെന്നും, അങ്ങനെയിരിക്കെ താന്‍ പറഞ്ഞിട്ടാണ് പോസ്റ്റുകള്‍ നീക്കിയത് എന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തനിക്കെതിരെയുള്ളവ മാത്രമല്ല, തന്റെ സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പോലും മെറ്റ നീക്കം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളി മേഖലയിലെ സര്‍ക്കാരിന്റെ മികച്ച ഇടപെടലുകളെ അഭിനന്ദിച്ചുകൊണ്ടുള്ള തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പിന്റെ പ്രസംഗവും കെ.സി.ബി.സിയുടെ പോസ്റ്റും ഇത്തരത്തില്‍ സാങ്കേതിക തകരാറുമൂലം നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെറ്റയുടെ ഔദ്യോഗിക വിശദീകരണം വന്നതോടെ വിഷയത്തില്‍ തുടര്‍ന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക ശമനമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
