നിലമ്പൂർ: സംസ്ഥാനത്ത് രൂക്ഷമായ മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം കാണുന്നതിനായി നിർണായക നിയമഭേദഗതികൾ ആവശ്യപ്പെടാൻ വനംവകുപ്പ് തയാറെടുക്കുന്നു. നാടൻ കുരങ്ങുകളെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയിൽനിന്ന് രണ്ടാം പട്ടികയിലേക്കു മാറ്റാനും, കാട്ടുപന്നികളെ 1972-ലെ വന്യജീവി സംരക്ഷണ നിയമം സെക്‌ഷൻ 62 പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുമുള്ള പുതുക്കിയ പദ്ധതിനിർദേശം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കും.
വനത്തോടു ചേർന്നുള്ള ജനവാസ മേഖലകളിൽ കുരങ്ങ് ശല്യം അതിരൂക്ഷമായ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ ഈ നീക്കം. ശക്തമായ നിയമ സംരക്ഷണമുള്ളതിനാൽ നിലവിൽ കുരങ്ങുകളെ പ്രതിരോധിക്കുന്നതിന് കർഷകർക്കും നാട്ടുകാർക്കും വലിയ തടസ്സങ്ങൾ നേരിടുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളിൽ ഉൾപ്പെടുത്തി വന്യജീവി ശല്യം ഫലപ്രദമായി പ്രതിരോധിക്കുന്നതിനാണ് കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെടുന്നത്.
കാട്ടുപന്നികളുടെ നിയന്ത്രണത്തിനായി പഞ്ചായത്ത് തലത്തിൽ എംപാനൽഡ് ഷൂട്ടർമാരുടെ പട്ടിക തയാറാക്കും. നിലവിലെ നടപടികളിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി മാർഗനിർദേശങ്ങളിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താനും തീരുമാനമായിട്ടുണ്ട്.
വന്യജീവി ആക്രമണത്തിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാര തുകയും സർക്കാർ കുത്തനെ ഉയർത്തുകയാണ്. വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷം രൂപയിൽനിന്ന് 21 ലക്ഷം രൂപയായി വർദ്ധിപ്പിക്കും. കൂടാതെ, സ്ഥിരമായി അംഗവൈകല്യം സംഭവിക്കുന്നവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഇവരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ തന്നെ വഹിക്കാനുമാണ് പുതിയ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
