തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും മൂലം സംസ്ഥാനത്തുണ്ടാകുന്ന മഴക്കെടുതികളെയും പ്രളയത്തെയും ശാസ്ത്രീയമായി പ്രതിരോധിക്കുന്നതിനായി 'കേരള ഫ്ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്' നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ പദ്ധതിയുടെ സമഗ്ര രൂപരേഖ ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.
സംസ്ഥാനത്ത് പതിവായി മാറിയ തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ വിവിധ തരം പ്രകൃതി ദുരന്തങ്ങളെ ശാസ്ത്രീയമായ മുന്നൊരുക്കങ്ങളിലൂടെ നേരിടാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, റിമോട്ട് സെന്‍സിങ്, ഹൈഡ്രോഡൈനാമിക് മോഡലിങ്, കൃത്യതയാര്‍ന്ന മഴ പ്രവചന സംവിധാനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്താനും ജനങ്ങള്‍ക്ക് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും പദ്ധതി വഴി സാധിക്കും.
കൂടാതെ പുഴകള്‍, തടാകങ്ങള്‍, കായലുകള്‍ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടികള്‍ പ്രകൃതിയെയും ജലത്തിന്റെ ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്നത് ശാസ്ത്രീയമായി പഠിച്ചശേഷം മാത്രമേ നടപ്പാക്കാവൂ എന്നും ഐ.ഐ.ടി സംഘം ശുപാര്‍ശ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ സാങ്കേതിക പ്രായോഗികത, സാമ്പത്തിക ബാധ്യതകള്‍, നടപ്പാക്കല്‍ രീതികള്‍ എന്നിവ വിശദമായി പരിശോധിക്കാന്‍ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരു വകുപ്പുകളും സംയുക്തമായി വിഷയം പരിശോധിച്ച് ഒരു മാസത്തിനകം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിലെ തുടര്‍നടപടികള്‍ സ്വീകരിക്കുക.
ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്ഹ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
