വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള സൈനിക സംഘര്‍ഷത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അമേരിക്കന്‍ വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ നാവികര്‍ കടുത്ത മാനസിക-ശാരീരിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നതായി റിപ്പോര്‍ട്ടുകള്‍. ഏഴ് മാസത്തെ സാധാരണ വിന്യാസ കാലാവധി ലംഘിച്ച് ഒമ്പത് മാസത്തിലേറെയായി കപ്പല്‍ കടലില്‍ തുടരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
സാന്‍ഡിയാഗോയിലെ ഹോം പോര്‍ട്ടില്‍ നിന്ന് 2025 നവംബറില്‍ പുറപ്പെട്ട കപ്പല്‍, കഴിഞ്ഞ ഡിസംബറില്‍ ഗുവാമില്‍ നങ്കൂരമിട്ടതിന് ശേഷം കഴിഞ്ഞ 250 ലധികം ദിവസങ്ങളായി ഒരു തുറമുഖത്ത് പോലും അടുക്കാന്‍ സാധിക്കാതെ സമുദ്രത്തില്‍ തുടരുകയാണ്. വിയറ്റ്‌നാം യുദ്ധത്തിന് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ വിന്യാസത്തിന്റെ റെക്കോര്‍ഡ് ഇട്ട യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡിന്റെ (326 ദിവസങ്ങള്‍) വഴിയെയാണ് നിലവില്‍ എബ്രഹാം ലിങ്കണിന്റെയും സഞ്ചാരം.
കപ്പലിലെ ദയനീയമായ ജീവിത സാഹചര്യങ്ങളാണ് നാവികരുടെ മനോവീര്യം തകര്‍ക്കുന്ന പ്രധാന ഘടകം. പ്രവര്‍ത്തിക്കാത്ത വാഷിങ് മെഷിനുകള്‍, പൂപ്പല്‍ പിടിച്ച ഷവറുകള്‍, കേടായ ടോയ്ലറ്റുകള്‍, ചൂടുവെള്ളത്തിന്റെ കുറവ്, ശുദ്ധജല ക്ഷാമം, ഇടയ്ക്കിടെ അനുഭവപ്പെടുന്ന ഭക്ഷണക്ഷാമം എന്നിവ ജീവനക്കാരെ വലിയ രീതിയില്‍ ബുദ്ധിമുട്ടിക്കുന്നുണ്ട്. തുറമുഖങ്ങളില്‍ അടുക്കാന്‍ കഴിയാത്തതിനാല്‍ അടിസ്ഥാന ശുചിത്വ വസ്തുക്കളുടെ ക്ഷാമവും കപ്പലില്‍ അനുഭവപ്പെടുന്നുണ്ട്. കുടുംബങ്ങള്‍ അയക്കുന്ന സാധനങ്ങള്‍ മാസങ്ങള്‍ക്ക് ശേഷമാണ് കൈകളില്‍ എത്തുന്നതെന്നും ജീവനക്കാരുടെയും ബന്ധുക്കളുടെയും പരാതികളില്‍ വ്യക്തമാക്കുന്നു.
ഈ സാഹചര്യങ്ങള്‍ കപ്പലില്‍ ഉള്ളവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കപ്പലില്‍ മാനസികാരോഗ്യ പിന്തുണ നല്‍കാന്‍ സംവിധാനങ്ങളുണ്ടെന്ന് യുഎസ് നാവികസേനാ അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ജീവനക്കാര്‍ക്കിടയില്‍ ആത്മഹത്യാ ചിന്തകളും നിരാശയും വ്യാപകമാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം ആദ്യം കടലില്‍ വീണ നാവികനെ ഉടന്‍ രക്ഷപ്പെടുത്തി ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസവും സമാനമായി രണ്ട് നാവികര്‍ കടലില്‍ ചാടുകയും അവരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഇവ ആത്മഹത്യാ ശ്രമങ്ങളായിരുന്നു എന്നാണ് ആരോപണം ഉയരുന്നത്.
വിഷയം യുഎസ് സെനറ്റില്‍ വരെ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലേക്ക് യുഎസ്എസ് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ എന്ന മറ്റൊരു വിമാനവാഹിനി കപ്പല്‍ കൂടി അമേരിക്ക അയച്ചിട്ടുണ്ട്. എന്നാല്‍ യുഎസ്എസ് എബ്രഹാം ലിങ്കണെ തിരികെ വിളിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങളൊന്നും യുഎസ് പുറത്തുവിട്ടിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിഷയം സംബന്ധിച്ച് പ്രതികരിച്ചത്. അതിനിടെ ഇത്തരം നീണ്ടുനില്‍ക്കുന്ന വിന്യാസങ്ങള്‍ നാവികരെ സേന വിട്ടുപോകാന്‍ വരെ പ്രേരിപ്പിച്ചേക്കാമെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥരും വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
