വാഷിംഗ്‌ടൺ : വിദേശത്തുനിന്നുള്ള വിദഗ്ദ്ധ തൊഴിൽ ശക്തിക്കായി അമേരിക്ക പ്രഖ്യാപിച്ച പുതിയ എച്ച്-1ബി (H-1B) വിസകൾക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 1,00,000 ഡോളർ (ഏകദേശം 83 ലക്ഷത്തിലധികം രൂപ) അധിക ഫീസ് ഫെഡറൽ ജഡ്ജി തടഞ്ഞു.
ആവശ്യമായ നിയമനിർമ്മാണ നടപടിക്രമങ്ങൾ പാലിക്കാതെയാണ് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഈ ഉയർന്ന ഫീസ് നടപ്പിലാക്കാൻ ശ്രമിച്ചതെന്ന് കാലിഫോർണിയയിലെ ഓക്‌ലൻഡ് ഫെഡറൽ ജഡ്ജ് ഹേവുഡ് ഗില്ലിയാം നിരീക്ഷിച്ചു.
തൊഴിലുടമകൾ, യൂണിയനുകൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവരടങ്ങുന്ന സഖ്യം നൽകിയ ഹർജിയിലാണ് ഫീസ് നടപ്പിലാക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവായത്. മുൻപ് ജൂൺ മാസത്തിൽ ബോസ്റ്റണിലെ ഫെഡറൽ കോടതിയും 20 സംസ്ഥാനങ്ങൾ നൽകിയ ഹർജിയിൽ ഈ ഫീസ് തടഞ്ഞിരുന്നു.
സാധാരണയായി 2,000 മുതൽ 5,000 ഡോളർ വരെ മാത്രം നിരക്കുണ്ടായിരുന്ന സ്ഥാനത്താണ് ട്രംപ് ഭരണകൂടം വൻ തുക ഫീസായി കുത്തനെ വർദ്ധിപ്പിച്ചത്.അമേരിക്കൻ സാങ്കേതികവിദ്യാ കമ്പനികളും മറ്റ് വ്യവസായ സ്ഥാപനങ്ങളും വലിയ തോതിൽ ആശ്രയിക്കുന്നതാണ് എച്ച്-1ബി വിസകൾ. പുതിയ ഉത്തരവ് പെട്ടെന്നുണ്ടായ അനിശ്ചിതത്വങ്ങൾക്ക് വലിയ ആശ്വാസമാണെന്ന് ഹർജിക്കാരുടെ അഭിഭാഷകർ വ്യക്തമാക്കി.
അതേസമയം, ഏകദേശം 1,03,000 ഡോളറിന്റെ സ്ഥിരം ഫീസ് ഏർപ്പെടുത്താനുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ നീക്കങ്ങളും വരുംദിവസങ്ങളിൽ നിയമപോരാട്ടത്തിലേക്ക് കടക്കാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
