വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമപാതകളിലൊന്നായ അമേരിക്കന്‍ ആകാശം മണിക്കൂറുകളോളം അപ്രതീക്ഷിത നിശ്ചലാവസ്ഥയിലേക്ക് വഴുതിവീണതോടെ പതിനായിരക്കണക്കിന് യാത്രക്കാരുടെ യാത്രാ പദ്ധതികള്‍ താളംതെറ്റി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനങ്ങളിലുണ്ടായ ഗുരുതരമായ സാങ്കേതിക തടസ്സത്തെ തുടര്‍ന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ക്ക് ഗ്രൗണ്ട് സ്റ്റോപ്പ് ഏര്‍പ്പെടുത്തുകയായിരുന്നു.
മുന്‍കരുതല്‍ സുരക്ഷാ നടപടികളുടെ ഭാഗമായി യു.എസിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ ടേക്ക് ഓഫ് പ്രാദേശിക സമയം രാത്രി 11:30 വരെ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ ഇത്രയധികം വിപുലമായി നിര്‍ത്തിവെക്കുന്ന ഏറ്റവും വലിയ സംഭവമാണിത്. രാജ്യവ്യാപകമായ ഈ തടസ്സം കാരണം തുടക്കത്തില്‍ 7,000-ത്തിലധികം വിമാന സര്‍വീസുകളാണ് വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തത്. എന്നാല്‍ പ്രതിസന്ധി രൂക്ഷമായതോടെ വൈകുന്നേരം 7:30 ആയപ്പോഴേക്കും സര്‍വീസ് വൈകിയ വിമാനങ്ങളുടെ എണ്ണം 10,079 ആയി ഉയരുകയും 4,238 സര്‍വീസുകള്‍ പൂര്‍ണ്ണമായി റദ്ദാക്കപ്പെടുകയും ചെയ്തു. വിമാനത്താവളങ്ങളില്‍ തിരക്ക് നിയന്ത്രണാതീതമായതോടെ ആകാശത്തായിരുന്ന 600-ലധികം വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു. എഫ്.എ.എയുടെ അടിയന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 42 അംഗരാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള വിമാനങ്ങളുടെ ടേക്ക് ഓഫുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് അന്താരാഷ്ട്ര വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചു.
സാങ്കേതിക തടസ്സത്തിന് പിന്നില്‍ ഏതെങ്കിലും സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ആണോ എന്ന് എഫ്.ബി.ഐ വിശദമായി പരിശോധിച്ചു വരികയാണ്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തെ ബന്ധിപ്പിക്കുന്ന സ്വകാര്യ കമ്മ്യൂണിക്കേഷന്‍ ശൃംഖലയില്‍ നടപ്പിലാക്കിയ ഒരു സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റിനെ തുടര്‍ന്ന് നെറ്റ്വര്‍ക്ക് റീബൂട്ട് ആവുകയും ക്രാഷ് ആവുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് പ്രാഥമിക വിവരം. അതേസമയം, ഇതൊരു സൈബര്‍ ആക്രമണമോ ക്രിമിനല്‍ പ്രവര്‍ത്തനമോ ആണെന്ന് കരുതുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാനിടയായ സാങ്കേതിക പ്രശ്‌നം സൈബര്‍ ആക്രമണമോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇടപെടലോ മൂലമുണ്ടായതല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഔദ്യോഗികമായി വ്യക്തമാക്കി.
യൂറോപ്പില്‍ വ്യാപകമായ സൈബര്‍ ആക്രമണം നടന്നതുമായി ബന്ധപ്പെടുത്തി വലിയതോതില്‍ ആശങ്ക പ്രചരിച്ചിരുന്നതിനാല്‍, അമേരിക്കയിലെ വിമാന സ്തംഭനത്തിന് പിന്നിലും സൈബര്‍ ആക്രമണമാണോ എന്ന ഭയവും അനിശ്ചിതത്വവും യാത്രക്കാരില്‍ ശക്തമായിരുന്നു. ഇത് കണക്കിലെടുത്താണ് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റിയും മറ്റ് അധികൃതരും സൈബര്‍ ആക്രമണ സാധ്യത പൂര്‍ണ്ണമായി തള്ളിക്കളഞ്ഞ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള 74 രാജ്യങ്ങളില്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ സേവനങ്ങളുമായി അമേരിക്കയിലെ വിമാന ഗതാഗത തടസ്സത്തിന് യാതൊരു ബന്ധവുമില്ലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
രാജ്യവ്യാപകമായി സര്‍വീസുകള്‍ നിശ്ചലമായ വിവരം പോലും കൃത്യമായി അറിയിക്കാത്തതിനാല്‍ വിമാനത്താവളങ്ങളില്‍ വന്‍ ആശയക്കുഴപ്പമാണ് നിലനിന്നത്. ഭക്ഷണശാലകളിലും റീബുക്കിംഗ് കൗണ്ടറുകളിലും വന്‍ തിരക്ക് അനുഭവപ്പെടുകയും വിവരങ്ങള്‍ തേടി യാത്രക്കാര്‍ ബഹളം വയ്ക്കുകയും ചെയ്തു. വിമാനങ്ങള്‍ക്കുള്ളിലെ ജീവനക്കാര്‍ക്ക് പോലും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തതയില്ലാതിരുന്നതോടെ അഭ്യൂഹങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നു. എ.ഐയുടെ ഇടപെടലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും യാത്രക്കാരുടെ ആശങ്ക ഇരട്ടിയാക്കി.
പരിഭ്രാന്തിയും ഭയവും മൂലം പലരും ഉദ്ദേശിച്ചിരുന്ന യാത്രകള്‍ പോലും വേണ്ടെന്ന് വെച്ച് മടങ്ങി. വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ റോഡ് മാര്‍ഗ്ഗം യാത്ര തുടരാനായി കാറുകള്‍ വാടകയ്‌ക്കെടുക്കുന്ന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. വ്യോമയാന മേഖലയിലുണ്ടായ ഈ അപ്രതീക്ഷിത സ്തംഭനം ഓഹരി വിപണിയിലും കനത്ത ആഘാതം സൃഷ്ടിച്ചു. പ്രമുഖ വിമാന കമ്പനികളായ അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ ലൈന്‍സ് എന്നിവയുടെ ഓഹരി മൂല്യം ഒന്നു മുതല്‍ രണ്ട് ശതമാനം വരെയും ജെറ്റ്ബ്ലൂ ഓഹരികള്‍ മൂന്ന് ശതമാനം വരെയും ഇടിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
