തിരുവനന്തപുരം: ഗര്‍ഭകാലത്തും ഇറുകിയ പാന്റും ലെതര്‍ ബെല്‍റ്റും കനത്ത ബൂട്ടുകളും ധരിച്ച് മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസകരമായ നടപടിയുമായി കേരള പോലീസ്. ഗര്‍ഭിണികളായ ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയത്ത് ഇനി കാക്കി സല്‍വാറും കമ്മീസും ഷാളും ധരിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് കേരള പോലീസ് ഉത്തരവിറക്കി. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 മുതലാണ് ഈ പുതിയ പരിഷ്‌കാരം നിലവില്‍ വന്നത്.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശപ്രകാരം, പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥ ഹര്‍ഷിത അട്ടല്ലൂരിയാണ് ഇത് സംബന്ധിച്ച സുപ്രധാന സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നിലവിലുള്ള സ്റ്റാന്‍ഡിങ് ഓര്‍ഡറുകളിലോ യൂണിഫോം ചട്ടങ്ങളിലോ ഗര്‍ഭകാല വസ്ത്രധാരണത്തെക്കുറിച്ച് പ്രത്യേക ഇളവുകള്‍ ഇല്ലാതിരുന്നതിനാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ സഹിച്ചും പരമ്പരാഗത യൂണിഫോമില്‍ സേവനം അനുഷ്ഠിക്കാന്‍ വനിതാ പൊലീസുകാര്‍ നിര്‍ബന്ധിതരായിരുന്നു. ഈ പ്രതിസന്ധിക്കാണ് പുതിയ ഉത്തരവിലൂടെ പരിഹാരമായിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിലെ പോലീസ് ചട്ടങ്ങളും നിലവിലെ മാനദണ്ഡങ്ങളും കൃത്യമായി പരിശോധിച്ച ശേഷമാണ് സേന ഈ ചരിത്രപരമായ തീരുമാനത്തിലേക്ക് എത്തിയത്. പുതിയ ഉത്തരവ് പ്രകാരം കാക്കി സല്‍വാര്‍ കമ്മീസിനൊപ്പം ഷാളും, കനത്ത ബൂട്ടുകള്‍ക്ക് പകരം ലളിതവും സുഖകരവുമായ ചെരുപ്പുകളും ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അതേസമയം ഈ വസ്ത്രധാരണം നിര്‍ബന്ധമല്ലെന്നും, തങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഇത് തിരഞ്ഞെടുക്കാമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടന ഉറപ്പുനല്‍കുന്ന ലിംഗനീതി മുന്‍നിര്‍ത്തിയാണ് പോലീസ് സേനയില്‍ ഇത്തരം ഒരു സ്ത്രീസൗഹാര്‍ദപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിലേക്ക് കേരള പോലീസ് ചുവടുവെച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
