തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം പൂർണമായും കുത്തഴിഞ്ഞ നിലയിലാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ആരോപിച്ചു. അഴിമതിക്കേസിൽ ബിജെപി കൗൺസിലർ സുഗതൻ ജയിലിലായതിനെ തുടർന്ന് നഗരസഭയിൽ കൗൺസിൽ യോഗങ്ങൾ പോലും ചേരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഭരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് പോലും അറിയാത്ത പ്രതിസന്ധിയിലാണ് ബിജെപിയെന്നും നഗരത്തിലെ മരാമത്ത് പ്രവൃത്തികൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ പൂർണമായും നിലച്ച മട്ടിലാണെന്നും ശബരീനാഥൻ പറഞ്ഞു.
ഓരോ മാസവും നിർബന്ധമായും കൗൺസിൽ യോഗം ചേരണമെന്ന ചട്ടം തിരുവനന്തപുരം കോർപ്പറേഷനിൽ ലംഘിക്കപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജയിലിലുള്ള കൗൺസിലർ സുഗതനെ സംരക്ഷിക്കാനാണ് ബിജെപി കൗൺസിൽ യോഗം വിളിക്കാൻ മടിക്കുന്നതെന്നും ശബരീനാഥൻ പറഞ്ഞു. ആർ. സുഗതനെതിരായ കേസിൽ ശക്തമായി മുന്നോട്ടുപോയത് യുഡിഎഫ് ആണെന്നും, ഇപ്പോൾ സുഗതനെ സംരക്ഷിക്കുന്ന നിലപാടാണ് കോർപ്പറേഷൻ ഭരണസമിതി സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വരുന്ന 29-ാം തീയതി കൗൺസിൽ യോഗം ചേരുകയാണെങ്കിൽ, കോടതി നിർദേശിച്ച പ്രകാരമുള്ള സത്യപ്രതിജ്ഞ നടത്താൻ ഭരണസമിതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൗൺസിൽ യോഗം എത്രയും വേഗം വിളിച്ചുചേർക്കണമെന്നും ശബരീനാഥൻ പറഞ്ഞു. യുഡിഎഫ് കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും, എന്നാൽ ബിജെപി എന്തുകൊണ്ടാണ് ഈ വിഷയത്തിൽ കോടതിയെ സമീപിക്കാൻ തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.
നഗരസഭയിലെ അനാസ്ഥയ്ക്കും ഭരണസ്തംഭനത്തിനുമെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനമെന്നും കെ.എസ്. ശബരീനാഥൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
