ന്യൂഡല്‍ഹി: സ്വന്തമായി വിമാനക്കമ്പനി തുടങ്ങാന്‍ അദാനി ഗ്രൂപ്പ് കേന്ദ്ര സര്‍ക്കാരിനോട് ഇളവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. അദാനി എയര്‍പോര്‍ട്സ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അയച്ചതെന്ന് പറയപ്പെടുന്ന ജൂണ്‍ നാലിലെ കത്ത് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടാണ് മഹുവ മൊയ്ത്ര രംഗത്തെത്തിയത്.
വിമാനക്കമ്പനി തുടങ്ങാന്‍ പദ്ധതിയില്ലെന്ന് ഓഹരി വിപണികളെ അറിയിച്ച അദാനി ഗ്രൂപ്പ്, പച്ചക്കള്ളമാണ് പറയുന്നതെന്നും അവര്‍ ആരോപിച്ചു. രാജ്യത്തെ നിലവിലെ നിയമമനുസരിച്ച് വിമാനത്താവള നടത്തിപ്പുകാര്‍ക്ക് വിമാനക്കമ്പനികളില്‍ നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ (10 ശതമാനം) ഓഹരി പങ്കാളിത്തം വഹിക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ട്. എന്നാല്‍ ഈ വ്യവസ്ഥയില്‍ ഇളവ് വേണമെന്നും, അദാനി ഡിഫന്‍സ് & എയറോസ്പേസിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഒരു എയര്‍ലൈന്‍ സര്‍വീസ് ആരംഭിക്കാനോ ഓഹരികള്‍ വാങ്ങാനോ അനുമതി നല്‍കണമെന്നുമാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
2006-ലെ എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണ കരാറില്‍ ഇളവ് നല്‍കണമെന്ന് എഎഐയോട് ആവശ്യപ്പെട്ട ശേഷം, ജൂലൈ 24-ന് ബിഎസ്ഇ, എന്‍എസ്ഇ തുടങ്ങിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വിമാന സര്‍വീസ് തുടങ്ങാന്‍ പദ്ധതിയില്ലെന്ന് അദാനി എന്റര്‍പ്രൈസസ് വ്യക്തമാക്കിയത് പൊരുത്തക്കേടാണെന്ന് മഹുവ മൊയ്ത്ര ചൂണ്ടിക്കാണിക്കുന്നു. വിമാനത്താവള നടത്തിപ്പുകാര്‍ തന്നെ വിമാനക്കമ്പനികളുടെ നിയന്ത്രണം ഏറ്റെടുത്താല്‍ മറ്റ് എയര്‍ലൈനുകളോട് വിവേചനം കാണിക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് രാജ്യത്ത് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നിലവില്‍ മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം, ജയ്പുര്‍, ഗുവാഹാട്ടി, തിരുവനന്തപുരം തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സ് ലിമിറ്റഡാണ്. എന്നാല്‍ റീജിയണല്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാനും വ്യോമയാന മേഖലയിലെ മത്സരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇളവ് തേടിയതെന്നാണ് കത്തിനെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
