തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ റെയ്ഡിനായി എത്തിയ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും ആക്രമിച്ച കേസിൽ ഏഴ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സിപിഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെയുള്ള ഏഴ് പേരെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസിന് കൈമാറിയത്.
പ്രതികൾക്കായി വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. പ്രത്യേകിച്ച് ഐ.പി. ബിനുവിന് രക്തസമ്മർദ്ദം കൂടുതലാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടായിരിക്കണം ചോദ്യം ചെയ്യലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കസ്റ്റഡിയിൽ വിട്ട മറ്റ് പ്രതികൾ:
വഞ്ചിയൂർ അമ്പലത്തുമുക്ക് സ്വദേശി രേവന്ത്, വർക്കല ഇളകമൺ സ്വദേശി ലെനിൻ രാജ്, നെയ്യാറ്റിൻകര തെക്കുമ്പുറം കാവിന് സമീപം ജി.ആർ. നന്ദു, നെയ്യാറ്റിൻകര മഞ്ചവിളാകം സ്വദേശി രാഹുൽ രാജൻ, നെടുമങ്ങാട് തറട്ട സ്വദേശി രാഹുൽ, പാപ്പനംകോട് കൈമനം സ്വദേശി വൈശാഖ് എന്നിവരാണ്.
എക്സാലോജിക്–സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ തിരികെ പോകുന്നതിനിടെ ഉണ്ടായ സംഘർഷമാണ് കേസിന് ആധാരം. ഉദ്യോഗസ്ഥരെ തടയുകയും വാഹനങ്ങൾക്ക് നേരെ കല്ലേറും മരക്കഷ്ണങ്ങൾ ഉപയോഗിച്ചുള്ള ആക്രമണവും നടന്നതായാണ് പൊലീസ് ആരോപണം.
ഇതിന്റെ പശ്ചാത്തലത്തിൽ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
