പത്തനംതിട്ട: പതിമൂന്നുകാരിയുടെ വ്യാജ പീഡനപരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളെ മർദിച്ചെന്ന പരാതിയിൽ കൂടൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർക്കെതിരെ നടപടി. എസ്‌ഐ ജയ്‌മോനെ സ്ഥലംമാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സി.ഐക്കെതിരായ അച്ചടക്ക നടപടിയിൽ ഡിഐജി തീരുമാനമെടുക്കും.
കോന്നി സി.ഐയുടെ മേൽനോട്ടത്തിലായിരുന്നു കൂടൽ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം. എസ്‌ഐക്കും സി.ഐക്കും എതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഐജിക്ക് കൈമാറിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഹൃദ്രോഗബാധിതനായ 20-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചെന്നാരോപിച്ച് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ഉൾപ്പെടെ ആറുപേരെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്.
പത്തനാപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിനെ പൊലീസ് ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയി മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബൂട്ട് കൊണ്ട് ചവിട്ടുകയും ചെവിയിലും മുടിയിലും പിടിച്ച് ആക്രമിക്കുകയും ചെയ്തതായി യുവാവ് ആരോപിച്ചു. താൻ ഹൃദ്രോഗിയാണെന്ന് അറിയിച്ചിട്ടും മർദനം തുടർന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
കസ്റ്റഡിയിലായ മറ്റ് വിദ്യാർഥികളും പൊലീസ് ഉപദ്രവിച്ചതായി ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ കൂടൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ചിരുന്നു.
ഈ മാസം ആറിനാണ് കേസിന് ആധാരമായ സംഭവം നടന്നത്. ലൈംഗികാതിക്രമത്തിന് ഇരയായെന്നായിരുന്നു 13-കാരിയുടെ ആദ്യ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ, പ്രണയനൈരാശ്യത്തെ തുടർന്നാണ് പെൺകുട്ടി വ്യാജ പരാതി ഉന്നയിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
