കൊച്ചി: നടിമാരായ ലക്ഷ്മിപ്രിയയ്ക്കും ശ്വേത മേനോനും എതിരെ പരാതി നൽകിയതിന് പിന്നാലെ നടി അൻസിബ സോഷ്യൽ മീഡിയയിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു. "ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആ സ്‌നേഹവും കരുതലും" എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.
അടുത്തിടെ 'അമ്മ' സംഘടനയിൽ നേരിട്ട ദുരനുഭവങ്ങളും തനിക്കെതിരായ തേജോവധ ശ്രമങ്ങളും സംബന്ധിച്ച് അൻസിബ സമൂഹമാധ്യമങ്ങളിൽ തുറന്നുപറഞ്ഞിരുന്നു. ആ കുറിപ്പിൽ ഒരു 'മഹാനടനെ' കുറിച്ചും പരാമർശമുണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെ സമൂഹമാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള ചർച്ചകളും അഭ്യൂഹങ്ങളും ഉയർന്നിരുന്നു.
ഇതിനിടെയാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം അൻസിബ പങ്കുവെച്ചത്. ഇതോടെ താൻ പരാമർശിച്ച 'മഹാനടൻ' മോഹൻലാൽ അല്ലെന്ന സന്ദേശമാണ് ഈ പോസ്റ്റിലൂടെ അൻസിബ നൽകുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിലയിരുത്തൽ.
എന്നാൽ, ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങൾ അൻസിബ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റിന്റെ അർഥത്തെക്കുറിച്ച് നടി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അതിനാൽ മോഹൻലാലിന്റെ പിന്തുണയോ മറ്റേതെങ്കിലും സന്ദേശമോ ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചതാണെന്ന് സ്ഥിരീകരിക്കാൻ നിലവിൽ കഴിയില്ല.
അന്‍സിബ പോസ്റ്റ് ഇങ്ങനെയായിരുന്നു
'എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം 'മേത്തച്ചി'യാക്കി, പിന്നെ 'ജിഹാദി'യാക്കി, മതപരിവര്‍ത്തനത്തിന്റെ പേരില്‍ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതല്‍ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകന്‍ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: 'തളരരുത്'.
ചാരുകസേരയില്‍ ഇരുന്ന് അവര്‍ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരില്‍ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോള്‍ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകള്‍ നീളുന്നു. കൂടെപ്പിറന്ന നാല് സഹോദരങ്ങള്‍ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവര്‍ക്ക് എന്നെ തകര്‍ക്കാന്‍ തടസമായില്ല.
ലക്ഷങ്ങള്‍ ഒഴുക്കി പിആര്‍ ഏജന്‍സികളെക്കൊണ്ട് അവര്‍ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവര്‍ ആക്രമിക്കും, ഇനിയും അവര്‍ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയില്‍ ഞാന്‍ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങള്‍ വായുവില്‍ അലയുന്നുണ്ട്... അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.
ജീവന്‍ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാന്‍ പൊരുതാന്‍ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതു കൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകള്‍ക്കെതിരെ ഞാന്‍ ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.
സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്.
സ്‌നേഹത്തോടെ, അന്‍സിബ ഹസ്സന്‍
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
