കൊൽക്കത്ത: സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (SRFTI) ഡീനിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെതിരെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പരാതി. ആഭ്യന്തര പരാതി പരിഹാര സമിതി (ICC) ഡീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.
2026 മെയ് മാസത്തിലാണ് ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. റിപ്പോർട്ടിന് ശേഷവും ഡീൻ വിപിൻ വിജയിനെ മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ അനൗദ്യോഗിക ചെയർമാനായി നിയമിച്ചതും വിവാദമായിട്ടുണ്ട്. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ലൈംഗികാതിക്രമ പരാതിയിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
രണ്ട് വർഷം മുൻപാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ജീവനക്കാരി ഡീനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. ശാരീരിക ആക്രമണം, ലൈംഗികാതിക്രമം, ജാതി അധിക്ഷേപം, അസഭ്യ പരാമർശങ്ങൾ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. പിന്നീട് ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തെയും പരാതിക്കാരി സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.
ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്ന പോഷ് (POSH) നിയമം പ്രകാരം പരാതി ലഭിച്ച് 90 ദിവസത്തിനകം ആഭ്യന്തര സമിതി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. ആദ്യഘട്ട അന്വേഷണ റിപ്പോർട്ട് സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള ഗവേണിംഗ് കൗൺസിലിന് സമർപ്പിച്ചിരുന്നു.
തുടർ അന്വേഷണത്തിനായി എസ്ആർഎഫ്ടിഐ അച്ചടക്ക സമിതി തയ്യാറാക്കിയ കുറ്റപത്രത്തിൽ ചെയർമാനായ സുരേഷ് ഗോപി ഒപ്പിടേണ്ടതുണ്ടായിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ലെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് മാസം മുൻപ് ആഭ്യന്തര സമിതി രണ്ടാംഘട്ട അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചത്. നിലവിൽ വിഷയത്തിൽ കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് വിദ്യാർത്ഥികളും പരാതിക്കാരിയും രംഗത്തുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
