മുംബൈ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ദുരുപയോഗം ചെയ്ത് റീറ്റെയ്ല്‍ നിക്ഷേപകരെ വഞ്ചിച്ച 'ഫിന്‍ഫ്‌ലുവന്‍സര്‍'(Finfluencer) ശൃംഖലയ്ക്കെതിരെ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി കര്‍ശന നടപടി സ്വീകരിച്ചു. എസ്എംഇ ഓഹരികളുടെ വില കൃത്രിമമായി ഉയര്‍ത്തി പിന്നീട് വിറ്റൊഴിവാക്കുന്ന 'പമ്പ് ആന്‍ഡ് ഡംപ്' തട്ടിപ്പിലൂടെ 20.25 കോടി രൂപ നിയമവിരുദ്ധമായി സമ്പാദിച്ച ഏഴ് പേരടങ്ങുന്ന കുടുംബത്തിനെതിരെയാണ് സെബി 234 പേജുകളുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹേമന്ത് ഗുപ്ത, ഇയാളുടെ മക്കളായ രോഹന്‍ ഗുപ്ത, അനികേത് ഗുപ്ത എന്നിവരും കുടുംബത്തിലെ മറ്റ് അംഗങ്ങളുമാണ് ഈ വന്‍ ആസൂത്രിത കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും സെബി മരവിപ്പിച്ചു. അന്വേഷണം പുരോഗമിക്കുന്നതോടെ യഥാര്‍ത്ഥ തട്ടിപ്പ് തുക 55 കോടി രൂപയോളം വരുമെന്നാണ് പ്രഥമിക നിഗമനം.
ലിക്വിഡിറ്റി (വ്യാപാര അളവ്) വളരെ കുറഞ്ഞ 82 കമ്പനികളുടെ (പ്രത്യേകിച്ച് എസ്എംഇ) ഓഹരികള്‍ ഈ കുടുംബം ആദ്യം രഹസ്യമായി വാങ്ങി കൂട്ടും. അതിനുശേഷം സോഷ്യല്‍ മീഡിയയിലെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ ഉപയോഗിച്ച് ഈ ഓഹരികളെക്കുറിച്ച് തെറ്റായതും അതിശയോക്തി നിറഞ്ഞതുമായ അവലോകനങ്ങള്‍ പ്രചരിപ്പിക്കും.
13,600 ഫോളോവേഴ്സുള്ള @WealthSolitaire എന്ന എക്സ് (ട്വിറ്റര്‍) ഹാന്‍ഡില്‍ വഴിയാണ് രോഹന്‍ ഗുപ്ത തട്ടിപ്പ് നടത്തിയത്. 40,500 ഫോളോവേഴ്സുള്ള @desiwallstreet എന്ന എക്സ് ഹാന്‍ഡില്‍ വഴിയാണ് അനികേത് ഗുപ്ത വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഇതിന് പുറമെ 'ഡെന്‍ ഓഫ് വെല്‍ത്ത്' (Den of Wealth) എന്ന പേരിലുള്ള അമ്പതിലധികം വാട്‌സ്ആപ്പ് ഗ്രൂപ്പുകളും എണ്‍പതിനായിരത്തോളം സബ്സ്‌ക്രൈബേഴ്സുള്ള ടെലിഗ്രാം ചാനലുകളും ഇവര്‍ ഇതിനായി ഉപയോഗിച്ചു.
ഈ അക്കൗണ്ടുകളിലൂടെ 'മള്‍ട്ടിബാഗര്‍' റിട്ടേണുകള്‍ വാഗ്ദാനം ചെയ്ത് റീറ്റെയ്ല്‍ നിക്ഷേപകരെക്കൊണ്ട് ഓഹരികള്‍ കൂട്ടത്തോടെ വാങ്ങിപ്പിക്കും. സാധാരണക്കാര്‍ പണം മുടക്കുന്നതോടെ ഓഹരി വില കുതിച്ചുയരും (Upper Circuit). വില പരമാവധി ഉയരുമ്പോള്‍ കുടുംബാംഗങ്ങളുടെ കൈവശമുള്ള ഓഹരികള്‍ വന്‍ ലാഭത്തില്‍ ഇവര്‍ വിറ്റൊഴിവാക്കും. പിന്നാലെ ഓഹരി വില കുത്തനെ ഇടിയുകയും സാധാരണക്കാരായ നിക്ഷേപകര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമാവുകയും ചെയ്യും.
2026 ജനുവരിയില്‍ ഇവരുടെ വീടുകളില്‍ സെബി നടത്തിയ തിരച്ചിലിലാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്. തങ്ങള്‍ ചെയ്യുന്നത് വലിയ കുറ്റമാണെന്നും സെബി പിടികൂടുമെന്നും ഇവര്‍ക്ക് കൃത്യമായി അറിയാമായിരുന്നുവെന്ന് ചാറ്റുകള്‍ വ്യക്തമാക്കുന്നു.
അനികേത് ഗുപ്ത തന്റെ പിതാവ് ഹേമന്തിന് അയച്ച ഒരു സന്ദേശത്തില്‍ ഇങ്ങനെ മുന്നറിയിപ്പ് നല്‍കിയിരുന്നു, നമ്മുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ കാര്യത്തില്‍ നമ്മള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണം. അഗ്രസീവ് ആയ സന്ദേശങ്ങളും ബൈ/സെല്‍ റെക്കമന്റേഷനുകളും ഒഴിവാക്കുന്നതാണ് നല്ലത്. നമ്മള്‍ അവരുടെ (സെബിയുടെ) കണ്ണില്‍ പെട്ടാല്‍ വലിയ അപകടമാകും. ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതൊക്കെ നഷ്ടമാകും എന്നായിരുന്നു സന്ദേശം.
നിയമവിരുദ്ധമായി സമ്പാദിച്ച 20.25 കോടി രൂപ അടിയന്തരമായി കണ്ടുകെട്ടാന്‍ സെബി ഉത്തരവിട്ടു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും നിലവില്‍ മരവിപ്പിച്ചിരിക്കുകയാണ്. കൂടാതെ, ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ ഈ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നതിനും സെബി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തി.
രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരം സോഷ്യല്‍ മീഡിയ 'ഫിന്‍ഫ്ളുവന്‍സര്‍മാരുടെ' കെണിയില്‍ വീഴരുതെന്നും നിക്ഷേപം നടത്തുന്നതിന് മുന്‍പ് കൃത്യമായ പഠനം നടത്തണമെന്നും സെബി റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
