തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. അടുത്ത മൂന്ന് മണിക്കൂറിൽ ഒമ്പത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. പുലർച്ചെ ഏഴ് ജില്ലകളിലുണ്ടായിരുന്ന ഓറഞ്ച് അലർട്ട് പിന്നീട് ഒമ്പത് ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിൽ രാത്രി മുതൽ സ്ഥിതി ഗുരുതരമാണ്. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ കോട്ടയം–കുമരകം–വൈക്കം റോഡിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി എന്നിവിടങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
പമ്പാ നദിയിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി.
അതേസമയം, സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തര യോഗം വിളിച്ചു. രാവിലെ 10 മണിക്ക് ഓൺലൈനായി ചേരുന്ന യോഗത്തിൽ എല്ലാ ജില്ലാ കളക്ടർമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും പങ്കെടുക്കും. മഴക്കെടുതി നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും ദുരന്തനിവാരണ പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
