ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയുടെ ഫലം പ്രോത്സാഹജനകമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാജ്യത്തിന്റെ നിരവധി പ്രധാന ആശങ്കകള്‍ സന്ദര്‍ശനത്തില്‍ അഭിസംബോധന ചെയ്യപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാരം, പ്രതിരോധം, കുടിയേറ്റം എന്നീ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടന്നത്. 26/11 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുര്‍ റാണയെ കൈമാറുന്നത് മുതല്‍ എഫ്-35 യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് വരെ ഇന്ത്യയെ സംബന്ധിച്ച് നല്ല വാര്‍ത്തകളാണ് കൂടികത്കാഴ്ചയുടെ അനന്തരം പുറത്തുവന്നത്.
''ഇത് വളരെ നല്ല ഫലമാണെന്ന് ഞാന്‍ കരുതുന്നു, അല്ലാത്തപക്ഷം, വാഷിംഗ്ടണില്‍ ചില തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ എടുത്തേക്കാം, അത് നമ്മുടെ കയറ്റുമതിയെ ബാധിക്കുമായിരുന്നു,'' അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റ വിഷയത്തില്‍ പ്രധാനമന്ത്രി മോദിയുടെ നിലപാടിനെ പിന്തുണച്ച തരൂര്‍, യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട രേഖകളില്ലാത്ത ഇന്ത്യന്‍ കുടിയേറ്റക്കാരോടുള്ള യുഎസ് പെരുമാറ്റം ചര്‍ച്ചയില്‍ അഭിസംബോധന ചെയ്യണമായിരുന്നുവെന്ന് പറഞ്ഞു. നാടുകടത്തപ്പെട്ടവരെ കൈവിലങ്ങും കാലില്‍ ചങ്ങലയിട്ടും അയച്ചെന്ന റിപ്പോര്‍ട്ടുകളില്‍ രാജ്യത്ത് വ്യാപകമായ രോഷം ഉണ്ടായത് അദ്ദേഹം സൂചിപ്പിച്ചു.
അനധികൃതമായി മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുന്ന ആര്‍ക്കും ആ രാജ്യത്ത് തുടരാന്‍ യാതൊരു അവകാശവുമില്ലെന്ന പ്രധാനമന്ത്രി മോദിയുടെ നിലപാടിനെ തരൂര്‍ പിന്തുണച്ചു. ''അവരെ തിരിച്ചയച്ച രീതി മാത്രമാണ് ശരിയാവാഞ്ഞത്. അതൊഴിച്ച് അദ്ദേഹത്തിന്റെ നിലപാട് തികച്ചും ശരിയായിരുന്നു,' തരൂര്‍ ചൂണ്ടിക്കാട്ടി. അടഞ്ഞ വാതിലുകള്‍ക്ക് പിന്നില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെന്ന് താന്‍ പ്രതീക്ഷിക്കുന്നെന്നും ഭാവിയില്‍ മോശമായ പെരുമാറ്റവും ദുരുപയോഗവും ഒഴിവാക്കണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ച എഫ്-35 കരാറിനെയും കോണ്‍ഗ്രസ് നേതാവ് പ്രശംസിച്ചു. ''പ്രതിരോധ രംഗത്ത്, എഫ്-35 സ്റ്റെല്‍ത്ത് വിമാനം ഇന്ത്യക്ക് വില്‍ക്കാനുള്ള പ്രതിബദ്ധത വളരെ വിലപ്പെട്ടതാണ്, കാരണം അത് അത്യാധുനിക വിമാനമാണ്. ഞങ്ങള്‍ക്ക് ഇതിനകം റഫാല്‍ ഉണ്ട്. എ35 ഉപയോഗിച്ച്, വ്യോമസേന വളരെ നല്ല നിലയിലെത്തും,' തരൂര്‍ പറഞ്ഞു.
കുടിയേറ്റക്കാരെ തിരിച്ചയച്ച രീതിയിലെ ഉറപ്പ് ഒഴിച്ച് നാം പ്രതീക്ഷിച്ചതെല്ലാം യുഎസില്‍ നിന്ന് ലഭിച്ചെന്നും തരൂര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്