ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ്-യുജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (NTA) പരീക്ഷാ വിദഗ്ദ്ധയും പൂനെയില്‍ നിന്നുള്ള ബോട്ടണി അധ്യാപികയുമായ മനീഷ ഗുരുനാഥ് മന്ധാരെയെ സി.ബി.ഐ ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ആകെ എണ്ണം ഒന്‍പതായി.
പരീക്ഷാ അട്ടിമറിക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നതായാണ് സിബിഐ കണ്ടെത്തല്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കേസില്‍ നേരത്തെ അറസ്റ്റിലായ പൂനെ സ്വദേശിനി മനീഷ വാഗ്മറെ വഴിയാണ് മനീഷ മന്ധാരെ നീറ്റ് പരീക്ഷാര്‍ത്ഥികളുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ക്കായി തന്റെ വീട്ടില്‍ വെച്ച് പ്രത്യേക കോച്ചിംഗ് ക്ലാസുകളും സംഘടിപ്പിച്ചു.
ഈ ക്ലാസുകള്‍ക്കിടയില്‍ ബോട്ടണി, സുവോളജി വിഷയങ്ങളില്‍ പരീക്ഷയ്ക്ക് വരാനിരിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ ഇവര്‍ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങളിലും നോട്ടുപുസ്തകങ്ങളിലും കൃത്യമായി രേഖപ്പെടുത്തി നല്‍കുകയായിരുന്നു. മെയ് മൂന്നിന് നടന്ന യഥാര്‍ത്ഥ നീറ്റ് പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും മനീഷ മന്ധാരെ മുന്‍കൂട്ടി നല്‍കിയ ചോദ്യങ്ങളുമായി പൂര്‍ണ്ണമായും ഒത്തുപോയതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
പരീക്ഷാ ചുമതലയുണ്ടായിരുന്ന കെമിസ്ട്രി ലക്ചറര്‍ പി.വി കുല്‍ക്കര്‍ണിയാണ് ഈ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യസൂത്രധാരനെന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുല്‍ക്കര്‍ണി വഴിയാണ് എന്‍.ടി.എ പരീക്ഷാ വിദഗ്ദ്ധയായ മനീഷ മന്ധാരെക്ക് ചോദ്യങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. അറസ്റ്റിന് പിന്നാലെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തുടനീളം ആറിടങ്ങളിലാണ് സി.ബി.ഐ ഒരേസമയം തിരച്ചില്‍ നടത്തിയത്. പ്രതികളില്‍ നിന്നും ഇടനിലക്കാരില്‍ നിന്നുമായി നിര്‍ണ്ണായക തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്.
ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ രേഖകള്‍, സാമ്പത്തിക ഇടപാടുകള്‍ വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ എന്നിവ പ്രതികളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. പരീക്ഷാര്‍ത്ഥികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങി ചോദ്യങ്ങള്‍ മുന്‍കൂട്ടി ചോര്‍ത്തി നല്‍കിയ വലിയൊരു മാഫിയ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പണം കൈപ്പറ്റിയ ഏജന്റുമാരെയും മറ്റ് ഇടനിലക്കാരെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും സൂചനയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
