തിരുവനന്തപുരം: നിയമനാവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം ശക്തമാക്കും. രാവിലെ 11 മണിയോടെ സെക്രട്ടറിയേറ്റ് വളയൽ സംഘടിപ്പിക്കാനാണ് തീരുമാനം. മനുഷ്യച്ചങ്ങല തീർത്ത് സർക്കാരിന്റെ നിയമന നയങ്ങൾക്കെതിരെ പ്രതിഷേധിക്കുമെന്നും സമരക്കാർ അറിയിച്ചു.
എൽപിഎസ്ടി റാങ്ക് ഹോൾഡർമാർക്കൊപ്പം മറ്റ് പി.എസ്.സി ഉദ്യോഗാർഥികളും വിവിധ യുവജന സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
എൽപിഎസ്ടി ഉദ്യോഗാർഥികൾക്ക് നീതി ഉറപ്പാക്കുക, ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുക, ഗുണമേന്മയുള്ള വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ 29 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടരുന്ന റാങ്ക് ഹോൾഡർമാർ അഞ്ചു ദിവസമായി നിരാഹാര സമരവും നടത്തിവരികയാണ്.
ഇന്നലെ നിരാഹാര സമരം നടത്തുന്ന ഒരാളെ സമരപ്പന്തലിൽ നിന്ന് മാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും മറ്റ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചതോടെ നടപടി ഉപേക്ഷിക്കുകയായിരുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റ് വളയൽ തടയാൻ പൊലീസ് ശ്രമിക്കുമെന്ന ആശങ്കയും സമരക്കാർ പ്രകടിപ്പിച്ചു.
അതേസമയം, ജന്തർ മന്തറിൽ നടന്ന സി.ജെ.പി സമരത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച പിന്തുണ ചൂണ്ടിക്കാട്ടി, കേരളത്തിലെ പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ ആവശ്യങ്ങളും സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്നാം മാസത്തിലേക്ക് കടക്കുമ്പോഴും സെക്രട്ടറിയേറ്റിന് മുന്നിൽ റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം തുടരുകയാണ്. കഠിനാധ്വാനത്തോടെ പരീക്ഷ വിജയിച്ചിട്ടും നിയമനം ലഭിക്കാത്തതും പ്രായപരിധി കടക്കുമെന്ന ആശങ്കയുമാണ് പ്രതിഷേധത്തിന് കാരണമെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
