ഡൽഹി: പശ്ചിമേഷ്യൻ മേഖലയിലെ പ്രതിസന്ധി തുടരുന്നതിനിടെ നരേന്ദ്ര മോദി മുന്നോട്ടുവച്ച നിർദേശങ്ങൾ രാജ്യത്ത് പുതിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ചു. സ്വർണം വാങ്ങുന്നത് പരമാവധി ഒഴിവാക്കുക, ഇന്ധന ഉപയോഗം കുറയ്ക്കുക, അനാവശ്യ വിദേശയാത്രകൾ ഒഴിവാക്കുക, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്.
സെക്കന്ദരാബാദിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. കോവിഡ് കാലത്തെ പോലെ നിയന്ത്രണങ്ങൾ വേണമെന്ന തരത്തിലുള്ള സൂചനകളാണ് ഇതിലൂടെ ഉയർന്നതെന്ന് വിലയിരുത്തപ്പെടുന്നു.
ഇതോടെ സ്വർണ ഇറക്കുമതി തീരുവ ഉയർത്തുമോ, പെട്രോൾ-ഡീസൽ വില വർധിക്കുമോ എന്ന അഭ്യൂഹങ്ങളും ശക്തമായി. നിലവിൽ സ്വർണ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ ആറു ശതമാനം തീരുവയാണ് ഈടാക്കുന്നത്. വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ തീരുവ കൂട്ടാനുള്ള സാധ്യതയാണ് സാമ്പത്തിക രംഗത്ത് ചർച്ചയാകുന്നത്. തീരുവ ഉയർന്നാൽ സ്വർണവില വീണ്ടും കൂടാനിടയുണ്ടെന്നും വിലയിരുത്തൽ.
ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതും ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്ന് പറഞ്ഞതും പെട്രോൾ-ഡീസൽ വില വർധനയെ കുറിച്ചുള്ള ആശങ്ക ശക്തമാക്കി. എണ്ണക്കമ്പനികൾ പ്രതിമാസം വൻ നഷ്ടം നേരിടുന്നുവെന്നും വില വർധന അനിവാര്യമാണെന്നും വാദിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
കോവിഡ് ശേഷം പല സ്ഥാപനങ്ങളും അവസാനിപ്പിച്ചിരുന്ന വർക്ക് ഫ്രം ഹോം സംവിധാനം വീണ്ടും പരിഗണിക്കപ്പെടാനിടയുണ്ടെന്നും സൂചന. പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ വിവിധ മന്ത്രാലയങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം. എന്നാൽ ഭാഗിക ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം നിലവിൽ ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഇതിനിടെ, രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. “രാജ്യം ഭരിക്കാൻ മോദിക്ക് കഴിവില്ലെന്നതിന്റെ തെളിവാണ് ഈ പരാമർശങ്ങൾ” എന്നായിരുന്നു രാഹുലിന്റെ വിമർശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
