ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഒട്ടും വൈകാതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും, അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് മാതൃകാപരമായ കടുത്ത ശിക്ഷ ഉറപ്പാക്കാനും തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി.
കോയമ്പത്തൂര്‍ സൂളൂരില്‍ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ചെന്നൈ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത അടിയന്തര ഉന്നതതല ക്രമസമാധാന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ശക്തമായ നിലപാട്.
ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കരുതെന്നും, സമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് ഇത്തരം തെറ്റുകള്‍ ചെയ്യാന്‍ ഭയം തോന്നുന്ന രീതിയിലുള്ള കഠിന ശിക്ഷ പ്രതികള്‍ക്ക് വാങ്ങി നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകളില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ബോധവല്‍ക്കരണം ശക്തമാക്കാനും അഡ്വക്കറ്റ് ജനറലിനും അദ്ദേഹം നിര്‍ദേശം നല്‍കി.
ലൈംഗികാതിക്രമ കേസുകള്‍ പ്രത്യേക ശ്രദ്ധയോടെ വേഗത്തില്‍ വിചാരണ ചെയ്യണം. നിയമത്തിന് മുന്നില്‍ കുറ്റവാളികള്‍ക്ക് ലഭിക്കുന്ന ശിക്ഷ മറ്റുള്ളവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ടി.വി.കെ സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കിടയിലാണ് ഈ അവലോകന യോഗം ചേര്‍ന്നത് എന്നത് ശ്രദ്ധേയമാണ്. കൊലപാതകങ്ങളും ലൈംഗിക അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രധാന പ്രതിപക്ഷമായ ഡി.എം.കെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശനിയാഴ്ച പ്രതിപക്ഷം ഉയര്‍ത്തിയ ബഹളത്തിന് പിന്നാലെയാണ് കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.
സൂളൂരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി ഞായറാഴ്ച മുഖ്യമന്ത്രി ഫോണില്‍ സംസാരിക്കുകയും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് നേരിട്ട് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ ഇതിനകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
