ബെംഗളൂരു: ഫുട്ബോൾ ലോകകപ്പ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ പ്രമാണിച്ച് ബെംഗളൂരുവിൽ ബാറുകളുടെയും റെസ്റ്റോറൻ്റുകളുടെയും പബ്ബുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തന സമയം നീട്ടി.ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിലുള്ള സ്ഥാപനങ്ങൾ പുലർച്ചെ 3:30 വരെ പ്രവർത്തിക്കാൻ അനുമതി നൽകി സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് ഉത്തരവിറക്കി.
നാഷണൽ റെസ്റ്റോറൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഎഐ), ബെംഗളൂരു ചാപ്റ്റർ എന്നീ സംഘടനകളുടെ അഭ്യർത്ഥനപ്രകാരം 1963ലെ കർണാടക പൊലീസ് ആക്ടിലുള്ള സെക്ഷൻ 31 (ഡബ്ല്യു) പ്രകാരമാണ് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്.ജൂലൈ 14-15, ജൂലൈ 15-16, ജൂലൈ 19-20 എന്നീ ദിവസങ്ങളിലാണ് സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടിയത്.
മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ സന്ദർശിച്ച എൻആർഎഐ, കർണാടക സ്റ്റേറ്റ് ഹോട്ടൽസ് അസോസിയേഷൻ, ബെംഗളൂരു സിറ്റി ഹോട്ടൽ അസോസിയേഷൻ പ്രതിനിധികൾ പ്രവർത്തന സമയം നീട്ടണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉൾപ്പെടുത്തി നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെ ആണ് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്.
പൊതുജനസുരക്ഷ, ക്രമസമാധാനം, പൗരന്മാരുടെ സൗകര്യം എന്നിവയ്ക്ക് പരമമായ മുൻഗണന നൽകിക്കൊണ്ടാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്ന് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. എല്ലാവരും ഉത്തരവാദിത്തത്തോടെ മത്സരങ്ങൾ ആസ്വദിക്കണമെന്നും അധികാരികളോട് പൂർണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
