ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം തന്റെ വിദ്യാഭ്യാസ യോഗ്യതകളുടെയും വിദേശ പഠനത്തിന്റെ ഫണ്ടിങ്ങിന്റെയും വിവരങ്ങള്‍ തേടിയ ബിജെപി പ്രവര്‍ത്തകന് മറുപടിയുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ രംഗത്തെത്തി. തന്റെ വിദ്യാഭ്യാസ യോഗ്യതയും സാമ്പത്തിക ഉറവിടവും വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട ബിജെപി നേതാക്കളെ ലക്ഷ്യമിട്ട്, അവരുടെ സ്വന്തം ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യമാക്കാന്‍ തയാറാണോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അഭിജീത് ദീപ്‌കെയുടെ പ്രതികരണം. തന്റെ സ്‌കോളര്‍ഷിപ്പ് വിവരങ്ങളും വിദ്യാഭ്യാസ വായ്പയുടെ രേഖകളും പരസ്യമായി വെളിപ്പെടുത്താന്‍ താന്‍ തയാറാണെന്ന് അഭിജീത് ദീപ്‌കെ വ്യക്തമാക്കി. രാജ്യത്തെ ചക്രവര്‍ത്തി തന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയാറാകുമോ എന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. സാധാരണക്കാരനായ ഒരു യുവാവ് അമേരിക്കയിലെ പ്രശസ്തമായ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പോയി പഠിച്ചതില്‍ ബിജെപിക്കും അവരുടെ നേതാക്കള്‍ക്കും എന്താണ് ഇത്ര വിഷമമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ചോദിച്ചു.
ബിജെപി പ്രവര്‍ത്തകന്‍ തനിക്കെതിരെ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അഭിജീത് പറഞ്ഞു. താന്‍ എങ്ങനെയാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് എന്ന് അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് മുന്നില്‍ സ്വന്തം സാമ്പത്തിക രേഖകള്‍ വെയ്ക്കാന്‍ മടിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിന് പകരമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ യഥാര്‍ത്ഥ ബിരുദ രേഖകള്‍ പുറത്തുവിടാന്‍ തയാറാകുമോ എന്നാണ് തനിക്ക് തിരിച്ചു ചോദിക്കാനുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തന്റെ വിദ്യാഭ്യാസ പശ്ചാത്തലം രാഷ്ട്രീയ നേട്ടത്തിനായി വിവാദമാക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, ബിജെപിക്ക് വിദ്യാഭ്യാസത്തോട് എന്തുകൊണ്ടാണ് ഇത്ര വിരോധമെന്നും ആരായുകയുണ്ടായി.
അഭിജീത് ദീപ്‌കെയുടെ അമേരിക്കയിലെ ഉപരിപഠനത്തിനുള്ള പണം കണ്ടെത്തിയത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം വിഡിയോയിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. അതേസമയം ഈ വിഷയത്തില്‍ ബിജെപി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ കോളജ് ഓഫ് കമ്യൂണിക്കേഷനില്‍നിന്ന് പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദം നേടിയ അഭിജീത്, സര്‍വകലാശാല നല്‍കിയ സ്‌കോളര്‍ഷിപ്പും ബാങ്ക് വായ്പയും ഉപയോഗിച്ചാണ് പഠനം പൂര്‍ത്തിയാക്കിയതെന്ന് മുന്‍പും വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് ഇപ്പോഴും തുടരുകയാണെന്നും ഈ വിഷയത്തില്‍ ആര്‍ക്ക് വേണമെങ്കിലും അന്വേഷണം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
